ജിദ്ദ: പുതിയ വാഹനങ്ങളുടെ ആദ്യ സാങ്കേതിക പരിശോധന അവയുടെ തരവും രജിസ്ട്രേഷനും അനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്ന് പീരിയോഡിക്കൽ ടെക്നിക്കൽ ടെസ്റ്റ് സെന്‍റർ (ഫഹ്സു ദൗരി) വ്യക്തമാക്കി.
പുതിയ സ്വകാര്യ വാഹനങ്ങളുടെ ആദ്യ സാങ്കേതിക പരിശോധന മൂന്നു വർഷത്തിനുശേഷവും ടാക്സികൾ, പൊതുഗതാഗതം, പബ്ലിക് ബസുകൾ എന്നിവയുടേത് രണ്ടു വർഷത്തിനുശേഷവും നടത്തും. പിന്നീട് വർഷംതോറും പരിശോധനക്കു വിധേയമാക്കണം.
എന്നാൽ, ഉടമ ആഗ്രഹിക്കുന്ന ഏതു സമയത്തും വാഹനം പരിശോധിക്കാൻ കേന്ദ്രം അനുവദിക്കും. വാഹനം വീണ്ടും പരിശോധിക്കാൻ വാഹന ഉടമകൾക്ക് രണ്ട് അവസരങ്ങളുണ്ടാകും. അതിലൊന്ന് പരിശോധനയിൽ പരാജയപ്പെടുന്ന സാഹചര്യത്തിലാണ്.
ആദ്യ പരിശോധനയുടെ തീയതിയും സമയവും മുതൽ പരമാവധി 14 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ വാഹനം വീണ്ടും പരിശോധനക്കായി നൽകാം. ഈ സമയത്ത് മൂല്യവർധിത നികുതി അടക്കം കുറഞ്ഞ ഫീസ് 37.95 റിയാലാണ് ഈടാക്കുക. ഇനി 14 ദിവസത്തിനുശേഷമാണ് പരിശോധിക്കുന്നതെങ്കിൽ യഥാർഥ പരിശോധന ഫീസ് ഈടാക്കുമെന്നും ‘ഫഹ്സു ദൗരി’ അധികൃതർ വ്യക്തമാക്കി.