റിയാദ് : സൗദിയിൽ കന്നുകാലികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് പുതിയ വ്യവസ്ഥകൾ ബാധകമാക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ശ്രമം തുടങ്ങി. ഇതുപ്രകാരം തുറസ്സായ ട്രെയിലറുകളിൽ കന്നുകാലികളെ നീക്കം ചെയ്യുന്നത് വിലക്കും. കന്നുകാലികൾക്ക് പരിക്കേൽക്കാൻ ഇടയാക്കും വിധമുള്ള മൂർച്ചയേറിയ ഭാഗങ്ങൾ വാഹനങ്ങളിലുണ്ടാകാൻ പാടില്ല. മേൽക്കൂരയിൽ ശിരസ്സ് തട്ടാത്ത നിലക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുംവിധം കന്നുകാലികളെ സൂക്ഷിക്കുന്ന സ്ഥലത്തിന് മതിയായ ഉയരമുണ്ടാകണമെന്നും വ്യവസ്ഥയുണ്ട്. മുകളിലൂടെ പുറത്തേക്ക് ചാടാൻ കഴിയാത്ത വിധം വാഹനങ്ങളുടെ വശങ്ങൾക്ക് നല്ല ഉയരമുണ്ടാകണം. തറ ഭാരം താങ്ങാൻ തക്ക ഉറപ്പുള്ളതും എളുപ്പത്തിൽ ശുചീകരിക്കാൻ സാധിക്കുന്നതും കന്നുകാലികൾ വഴുതിവീഴാനും ഹാനി നേരിടാനും ഇടയാക്കാത്തതുമാകണം.
ഓരോ തവണയും കന്നുകാലികളെ കയറ്റുന്നതിനു മുമ്പായി വാഹനം ശുദ്ധീകരിക്കണം. വാഹനങ്ങളിൽ മൃഗങ്ങളെ സൂക്ഷിക്കുന്ന കൂടുകളുടെയും പെട്ടികളുടെയും വശങ്ങൾ കന്നുകാലികളുടെ ശിരസ്സുകളും കാലുകളും പ്രവേശിക്കുന്നത് കഴിയുന്നിടത്തോളം തടയുന്ന വിധത്തിൽ പ്രത്യേക തടസ്സങ്ങളോടെ രൂപകൽപന ചെയ്ത് സജ്ജീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ട്രക്കിൽ മൃഗങ്ങൾ നിറയാത്ത സാഹചര്യത്തിൽ, കന്നുകാലികൾ ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് തെറിക്കുന്നത് ഒഴിവാക്കാൻ ആന്തരിക പാർട്ടീഷനുകൾ ഉപയോഗിക്കണം. മൃഗങ്ങളെ വെയിലിൽ നിന്നും പ്രതികൂല കാലാവസ്ഥയിൽ നിന്നും സംരക്ഷിക്കുകയും മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. ആവശ്യമെങ്കിൽ രാത്രിയിൽ മൃഗങ്ങളെ പരിശോധിക്കാൻ മതിയായ പ്രകാശ സ്രോതസ്സും നൽകണം.
ട്രെയിൻ മാർഗം നീക്കം ചെയ്യുന്ന കന്നുകാലികളുടെ എണ്ണത്തിന് ആനുപാതികമായ നിലക്ക് കുടിവെള്ളവും കാലിത്തീറ്റയും ലഭ്യമാക്കണം. കന്നുകാലികൾക്ക് ആവശ്യമുള്ള സമയത്ത് വെള്ളവും കാലിത്തീറ്റയും ഓട്ടോമാറ്റിക് രീതിയിൽ നൽകുന്നതിനുള്ള സംവിധാനമാണ് ട്രെയിനുകളിൽ ഏർപ്പെടുത്തേണ്ടത്.
വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ മൃഗങ്ങളുടെ കമ്പിളി രോമങ്ങളുടെ നീളം 25 മില്ലിമീറ്ററിൽ കൂടരുതെന്നും പുതിയ വ്യവസ്ഥകൾ അനുശാസിക്കുന്നു. വാഹനങ്ങളിൽ നീക്കം ചെയ്യുന്നതിന് മുമ്പുള്ള പന്ത്രണ്ടു മണിക്കൂറിനിടെ കന്നുകാലികൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് ഒഴിവാക്കണം. ഇനം, പ്രായം, ഭാരം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ കന്നുകാലികളെ ഏകതാനമായ ഗ്രൂപ്പുകളായാണ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ടത്. രോഗമുക്തമായ കന്നുകാലികളെ മാത്രമേ വാഹനങ്ങളിൽ നീക്കം ചെയ്യാൻ പാടുള്ളൂ. യാത്രക്കിടെ ഓരോ എട്ടു മണിക്കൂറിലും യാത്രാവസാനത്തിലും കന്നുകാലികൾക്ക് വെള്ളം നൽകൽ നിർബന്ധമാണ്.
കോഴികളെ നീക്കം ചെയ്യുന്ന വാഹനങ്ങളിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തണം. വാഹനങ്ങളിലെ തറകൾ കാഷ്ഠങ്ങളിൽനിന്ന് മുക്തമാകണം. വാഹനങ്ങളിലെ പുകക്കുഴലുകൾ മുകളിലേക്ക് സ്ഥാപിച്ച നിലയിലുമാകണം. കോഴികളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന കൂടുകൾ ബലമുള്ളതും ഭാരം കുറഞ്ഞതുമായ പദാർഥം ഉപയോഗിച്ച് നിർമിച്ചവയായിരിക്കണം. ഓരോ കൂട്ടിലെയും കോഴികളുടെ എണ്ണം ഉചിതമായ എണ്ണത്തിൽ കവിയാൻ പാടില്ല. തങ്ങളുടെ നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങൾക്ക് കോഴികളെ നീക്കം ചെയ്യുന്ന വാഹനങ്ങൾ മാർഗമധ്യേ നിർത്തുന്നതും പുതിയ വ്യവസ്ഥകൾ വിലക്കുന്നു.