ദുബൈ: യുഎഇ-ഒമാൻ റെയിൽ പദ്ധതിക്ക് 300 കോടി ഡോളറിന്റെ നിക്ഷേപം. പദ്ധതി പ്രഖ്യാപിച്ച് 6 മാസത്തിനകമാണ് അബുദാബി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുബാദല വൻതുക നിക്ഷേപിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ, വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇതുവഴി ഇതര ജിസിസി രാജ്യങ്ങളുമായി റെയിൽ ബന്ധം സ്ഥാപിച്ച് നിർദിഷ്ട ജിസിസി റെയിൽ സാക്ഷാത്കരിക്കാനും ലക്ഷ്യമിടുന്നു.
ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനിക്കാണ് നിർമാണ ചുമതല. 303 കി.മീ ദൈർഘ്യത്തിലുള്ള യുഎഇ–ഒമാൻ റെയിൽ പദ്ധതി 2022 സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.
മണിക്കൂറിൽ 200 കി.മീ വേഗത്തിൽ ഓടുന്ന ട്രെയിനിൽ അൽഐനിൽനിന്ന് സോഹാറിലെത്താൻ 47 മിനിറ്റും അബുദാബിയിൽ നിന്നു സോഹാറിലെത്താൻ 100 മിനിറ്റും മതി. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീ വേഗത്തിലാണ് ഓടുക. യുഎഇയുടെ ഇത്തിഹാദ് റെയിലിനെ സോഹാറുമായി ബന്ധിപ്പിക്കുന്ന മറ്റൊരു കരാറിലും ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു.
റെയിൽ ശൃംഖലയുടെ രൂപകൽപന, സാങ്കേതിക–പരിസ്ഥിതി പഠനങ്ങൾ, പദ്ധതി ചെലവ്, അടിസ്ഥാന സൗകര്യ വികസനം, നിർമാണ ഘട്ടങ്ങൾ, പ്രവർത്തനം, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ മുബാദലയും ഇടപെടും. മൊത്തം 1100 കോടി ദിർഹമാണ് പദ്ധതിക്കു ചെലവ് കണക്കാക്കുന്നത്.