റിയാദ് – സൗദിയിലെ നഗരങ്ങൾക്കിടയിൽ ബസ് സർവീസ് ആരംഭിക്കാനുള്ള ഏറ്റവും വലിയ പദ്ധതിക്ക് കരാർ ഒപ്പുവെച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സൗദിയിലെ 200-ലേറെ നഗരങ്ങളെയും ചെറുനഗരങ്ങളെയും ബന്ധിപ്പിച്ച് 76 റൂട്ടുകളിൽ ആരംഭിക്കുന്ന ബസ് സർവീസ് പദ്ധതി പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർക്ക് പ്രയോജനപ്പെടും.
പരിസ്ഥിതി സൗഹൃദവും അത്യാധുനിക സജ്ജീകരണങ്ങളുമുള്ള പുതിയ ബസ് നിരകളാണ് സർവീസിന് ഉപയോഗിക്കുക. പുതിയ കരാറുകളിലൂടെ സൗദി നഗരങ്ങൾക്കിടയിൽ ബസ് സർവീസിന് കൂടുതൽ കമ്പനികൾക്ക് അനുമതി നൽകിയിരിക്കുകയാണ്.
നിലവിൽ സാപ്റ്റ്‌കോ കമ്പനിക്കു മാത്രമാണ് നഗരങ്ങൾക്കിടയിൽ ബസ് സർവീസിന് അനുമതി.
ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിറിന്റെ സാന്നിധ്യത്തിൽ പൊതുഗതാഗത അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് പദ്ധതിക്കുള്ള കരാറുകൾ ഒപ്പുവെച്ചത്. സർക്കാർ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്വകാര്യ മേഖലാ നിക്ഷേപകരും മേധാവികളും സംബന്ധിച്ചു. നഗരങ്ങൾക്കിടയിൽ ബസ് സർവീസ് പദ്ധതി ആരംഭിക്കാനുള്ള മൂന്നു കരാറുകളാണ് ഒപ്പുവെച്ചത്. വൻകിട അന്താരാഷ്ട്ര കമ്പനികൾ അടങ്ങിയ കൺസോർഷ്യങ്ങൾ കരാറുകളിൽ പങ്കാളിത്തം വഹിക്കുന്നു. സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് മികച്ച ബസ് സർവീസുകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
സൗദി നഗരങ്ങൾക്കിടയിൽ ഗതാഗത സേവനം നൽകുന്ന ആദ്യ വിദേശ നിക്ഷേപ പദ്ധതിയാണിതെന്ന് എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. ഈ മേഖലയിൽ ഭാവിനിക്ഷേപങ്ങൾക്ക് പദ്ധതി അവസരമൊരുക്കുന്നു. വെല്ലുവിളികളെ നിക്ഷേപ അവസരങ്ങളാക്കി മാറ്റുന്നതിൽ പൊതുഗതാഗത അതോറിറ്റി വഹിച്ച പങ്ക് പ്രശംസനീയമാണ്. പുതിയ പദ്ധതി മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 320 കോടി റിയാൽ വരുമാനം നൽകും.
നഗരങ്ങൾക്കിടയിലെ ബസ് സർവീസ് വിപണി സ്വതന്ത്രമാക്കുന്നത് ടൂറിസം വികസനം, സാമ്പത്തിക വൈവിധ്യവൽക്കരണം, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കൽ അടക്കമുള്ള മറ്റു മേഖലകളെയും സ്വാധീനിക്കുമെന്ന് എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. പുതിയ പദ്ധതി 35,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. പുതിയ ബസ് സർവീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ റൂട്ടുകളിൽ ബസുകൾ പ്രതിവർഷം 17.8 കോടിയിലേറെ കിലോമീറ്റർ ദൂരം സർവീസുകൾ നടത്തും. സൗദി നിവാസികൾക്കും സന്ദർശകർക്കും ബഹുമുഖ യാത്രാ ഓപ്ഷനുകൾ ലഭ്യമാക്കാനും നഗരങ്ങൾക്കും ചെറുനഗരങ്ങൾക്കുമിടയിൽ യാത്ര എളുപ്പമാക്കാനും പദ്ധതി ഉപകരിക്കും. കാർബൺ ബഹിർഗമനം കുറക്കാനും ഗതാഗത സുരക്ഷാ നിലവാരം ഉയർത്താനും റോഡുകളിലെ തിരക്കുകൾ കുറക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ഒരു ശതമാനത്തിൽനിന്ന് 15 ശതമാനമായി 2030 ഓടെ ഉയർത്താൻ ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രം ലക്ഷ്യമിടുന്നു.
2030 ഓടെ ഗതാഗത മേഖലയിൽ കാർബൺ ബഹിർഗമനം 25 ശതമാനം വരെ കുറച്ച് സൗദി നഗരങ്ങളിൽ ജീവിത ഗുണനിലവാരം ഉയർത്താനും പുതിയ പദ്ധതി സഹായിക്കും.