ദുബായ് – സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച സെല്‍ഫികള്‍ അറബ് വംശജനായ യുവാവിന്റെ വീട്ടില്‍ കവര്‍ച്ചക്ക് കാരണമായി. യു.എ.ഇക്ക് പുറത്ത് കുടുംബ സമേതം അവധിക്കാലം ചെലവഴിച്ച നാസിര്‍ എന്ന് പേരുള്ള യുവാവ് യാത്രാ വിവരങ്ങളും തങ്ങള്‍ സന്ദര്‍ശിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളും അറിയിച്ച് വിദേശത്തു നിന്നുള്ള സെല്‍ഫികള്‍ സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു നിയന്ത്രണങ്ങളും വ്യവസ്ഥകളും കൂടാതെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും വിധമാണ് സെല്‍ഫികള്‍ നാസിര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇവ ശ്രദ്ധയില്‍ പെട്ട മോഷ്ടാക്കള്‍ വീട്ടുടമസ്ഥര്‍ വിദേശത്താണെന്ന് മനസ്സിലാക്കി വീട്ടില്‍ കവര്‍ച്ച നടത്തുകയായിരുന്നു.
കുടുംബാംഗങ്ങള്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച സുരക്ഷാ വകുപ്പുകള്‍ വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സാമൂഹികമാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതും വ്യക്തിപരമായ വിവരങ്ങള്‍ അമിതമായി പ്രചരിപ്പിക്കുന്നതും വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.