റിയാദ്- വധശിക്ഷ വിധിക്കപ്പെട്ട് മക്ക പ്രവിശ്യയിലെ വിവിധ ജിയിലുകളിൽ കഴിയുന്നവരുടെ കേസുകളിൽ ഒത്തു തീർപ്പുണ്ടാക്കാൻ ലക്ഷ്യമിട്ട്് മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ആയിദ് അൽ ഖഹ്ത്താനിയുടെ അധ്യക്ഷതയിൽ അനുരഞ്ജന സമിതികൾ രൂപീകരിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉത്തരവിട്ടു.
കൊലപാതക കേസുകളിൽ അനുരഞ്ജന സമിതികൾ രൂപീകരിക്കാൻ നിർദേശിച്ചു കൊണ്ടുള്ള നിയമത്തിന് അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. കൊലപാതക കേസുകളിലെ പ്രതികൾക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കുമിടയിൽ രഞ്ജിപ്പുണ്ടാക്കി സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഭദ്രയുണ്ടാക്കുക കൊലപാതകക്കേസുകളിലെ ബ്ലഡ്മണി (ദിയാധനം) യുടെ കാര്യത്തിലെ വർധനക്ക് പരിഹാരം കാണുക എന്നിവയാണ് സമിതി രൂപീകരിക്കുക വഴി ലക്ഷ്യമിടുന്നത്. ഗൂഢാലോചനക്കു ശേഷം നടത്തുന്ന കൊലപാതകങ്ങൾ, ഭവനഭേദന ശ്രമത്തിനിടയിലോ ബലാൽസംഗ ശ്രമത്തിനിടയിലോ ചെയ്യുന്ന കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോയി കൊല നടത്തൽ, വധത്തിനു ശേഷവും മൃതശരീരത്തിൽ അംഗവിഛേദനം നടത്തൽ തുടങ്ങിയ ക്രൂരകൃത്യങ്ങൾ കൂടി നടന്ന കേസുകളിൽ സമിതി ഇടപെടുകയില്ല. സമിതിയുമായി സഹകരിക്കാൻ താൽപര്യമുള്ള സന്നദ്ധ പ്രവർത്തകർക്ക്് ഗവർണറേറ്റുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്