കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൂടി റദ്ദാക്കി. രാജ്യത്ത് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏതാനും മാസങ്ങളായി തുടര്‍ന്നുവരുന്ന കര്‍ശന പരിശോധനകളില്‍ ഇതുവരെ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത ശമ്പളവും വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയുമുണ്ട്. എല്ലാ തസ‍്തികകളിലും ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുകയുമില്ല. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയും പിന്നീട് തൊഴിലും ശമ്പളവുമൊക്കെ മാറി ലൈസന്‍സ് ലഭിക്കാനുള്ള യോഗ്യത ഇല്ലാതെയാവുന്നവരുമായ പ്രവാസികളെയാണ് പ്രധാനമായും പരിശോധനകളില്‍ ലക്ഷ്യമിടുന്നത്.
നിശ്ചിയ യോഗ്യതകളൊന്നുമില്ലാതെ നിയമവിരുദ്ധമായി ഡ്രൈവിങ് ലൈസന്‍സ് സമ്പാദിച്ചിട്ടുള്ള പ്രവാസികളും ഉണ്ടെന്ന് കണക്കുകള്‍ പറയുന്നു. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് സമ്പാദിക്കുകയും പിന്നീട് പഠനകാലം കഴിഞ്ഞിട്ടും ആ ലൈസന്‍സ് ഉപയോഗിക്കുന്ന വിദേശികളുമുണ്ട്. ഇത്തരക്കാരെയെല്ലാം പരിശോധനകളില്‍ പിടികൂടാനാണ് അധികൃതരുടെ തീരുമാനം. പ്രവാസികളുടെ ഇപ്പോഴത്തെ ജോലി വിവരങ്ങള്‍ ഔദ്യോഗിക രേഖകളില്‍ നിന്നുതന്നെ പരിശോധിക്കാനുള്ള പ്രത്യേക സംവിധാനം ഗതാഗത വകുപ്പിന് ലഭ്യമായിട്ടുണ്ട്.
പ്രവാസികള്‍ കവൈശം വെച്ചിരിക്കുന്ന രണ്ട് ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ നിയമവിരുദ്ധമാണെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമാനം. രാജ്യത്ത് ആകെ 14 ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ ഇതുവരെ അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ എട്ട് ലക്ഷത്തോളവും വിദേശികളുടെ പേരിലാണ്. ഇവരില്‍ നിയമവിരുദ്ധമായി ലൈസന്‍സുകള്‍ കൈവശം വെച്ച് ഉപയോദിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടവരെ അക്കാര്യം എസ്.എം.എസ് വഴി അറിയിക്കുന്നുണ്ട്.
ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ കടത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇവര്‍ക്കെതിരെ നാടുകടത്തില്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ജോലി മാറ്റം, ശമ്പളത്തിലെ വ്യത്യാസം, പഠന കാലയളവ് പൂര്‍ത്തിയാവുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കപ്പെടുന്നവര്‍ സ്വമേധയാ തന്നെ ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിച്ച് നിയമ നടപടികള്‍ ഒഴിവാക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്