ദുബായ് : ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് ആ വാഹനം യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും. അതേപോലെ, യുഎഇയില്‍ വച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഖത്തറില്‍ വച്ചും നടപടികള്‍ നേരിടേണ്ടിവരും. ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ യുഎഇയും ഖത്തറും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നാണിത്. ഇതുമായി ബന്ധപ്പെട്ട് യുഎഇയിലെയും ഖത്തറിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടുത്തിടെ നടന്ന ഖത്തര്‍- യുഎഇ സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു സംയോജിത ജിസിസി പദ്ധതി പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗതാഗത മേഖലയിലെ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധരും നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയിരുന്നു. ജിസിസിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎഇ ഉദ്യോഗസ്ഥരും ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, പോലീസ് മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ജിസിസിയിലെ എല്ലാ രാജ്യങ്ങളെയും സാങ്കേതിക സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഗള്‍ഫ് സംരംഭത്തിനുള്ളില്‍ ട്രാഫിക് പിഴയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയെ കുറിച്ചും അധികൃതര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പിഴകള്‍ ഈടാക്കുകയും അവ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് കൈമാറുന്നതിനുള്ള സംവിധാനവും സജ്ജമായിട്ടുണ്ട്.