റിയാദ്- സൗദി അറേബ്യയില്‍ വിദേശ വനിതകള്‍ക്ക് കൂടുതല്‍ മേഖലയില്‍ തൊഴില്‍ വിസ അനുവദിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ് ഫോം വഴി അഭിപ്രായ ശേഖരണം തുടങ്ങി.
വിസ അനുവദിക്കല്‍ അടക്കം തൊഴില്‍ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഇപ്പോള്‍ മന്ത്രാലത്തിന്റെ ഖിവ പ്ലാറ്റ് ഫോം വഴിയാണ് നല്കി വരുന്നത്. നിശ്ചിത ഫീസ് എല്ലാ വര്‍ഷവും അടച്ചാല്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് ഖിവയുടെ സേവനം ലഭ്യമാകുകയുള്ളൂ.
കമ്പനികള്‍ക്കും മറ്റു ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഖിവ പ്ലാറ്റ് ഫോം നടത്തുന്ന സര്‍വേയില്‍ പങ്കെടുക്കാം. ഖിവ തന്നെ ഇതു സംബന്ധിച്ച സന്ദേശം എല്ലാ സ്ഥാപനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഏതൊക്കെ മേഖലയിലാണ് വിദേശ വനിതാ ജോലിക്കാരെ ആവശ്യമുള്ളതെന്നും നിലവില്‍ വനിതകളുടെ വിസ ആവശ്യമായി വന്നിട്ടുണ്ടോ, വിദേശവനിത തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എന്നിവയാണ് സര്‍വേയില്‍ ചോദിക്കുന്നത്. വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.
നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം, ലേഡീസ് ടൈലറിംഗ്, ലേഡീസ് ഫോട്ടോഗ്രാഫി, കുട്ടികളുടെ പരിപാലനം, കല്യാണ മണ്ഡപം, ശുചീകരണം തുടങ്ങിയ മേഖലകളിലാണ് വിദേശിവനിതകള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത്. എന്നാല്‍ സൗദി വനിതകള്‍ മാത്രം ജോലി ചെയ്യല്‍ നിര്‍ബന്ധമാക്കിയ സ്ഥലങ്ങളില്‍ വിദേശി വനിതകള്‍ക്ക് തൊഴില്‍ വിസ ലഭിക്കില്ല. അതേ സമയം സൗദി അറേബ്യയിലേക്ക് വിദേശ വനിതകള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വിസ വൈകാതെ തന്നെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.