ദുബായ് : നാലു വര്‍ഷത്തിനകം ദുബായിലെ എല്ലാ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുമായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നിലവില്‍ നിരത്തുകളില്‍ ഓടുന്ന എല്ലാ പെട്രോള്‍, ഡീസല്‍ ടാക്സികളും മാറ്റി മുഴുവന്‍ ടാക്സികളും ഇലക്ട്രിക്, ഹൈഡ്രജന്‍, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റും. ഓരോ വര്‍ഷവും 10 ശതമാനം എന്ന രീതിയില്‍ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് ആര്‍ടിഎ ചെയര്മാന് മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
നിലവില്‍ 72 ശതമാനം ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കിയിട്ടുണ്ട്. ദുബായില്‍ ആകെ നിരത്തിലിറങ്ങുന്ന 11,371 ടാക്സികളില്‍ 8221 എണ്ണം വൈദ്യുതിയും ഇന്ധനവും ഉപയോഗിക്കുന്നവിധം ഹൈബ്രിഡാണ്. 2008 മുതലാണ് ആര്‍ടിഎ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പുറത്തിറക്കി തുടങ്ങിയത്. 2027 നകം 100 ടാക്സികളും പരിസ്ഥിതി സൗഹൃമാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. 2050-ഓടെ ദുബായിലെ പൊതുഗതാഗത മാര്‍ഗങ്ങള്‍ കാര്‍ബണ്‍ രഹിതമാക്കി മാറ്റുന്നതിനുള്ള ആര്‍ടിഎയുടെ റോഡ് മാപ്പുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആര്‍ടിഎ പുറത്തുവിട്ടകണക്കുകള്‍ പ്രകാരം, ദുബായ് ടാക്സികള്‍ കഴിഞ്ഞ വര്‍ഷം 105 ദശലക്ഷം യാത്രകളാണ് നടത്തിയത്. മൊത്തം രണ്ട് ബില്യണ്‍ കിലോമീറ്ററിലധികം സഞ്ചരിച്ചതായും കണക്കുകള്‍ വ്യക്തമാക്കി.
ദുബായ് ആര്‍ടിഎയുടെ 15 വര്‍ഷത്തെ പരീക്ഷണങ്ങളില്‍ പരിസ്ഥിതി സൗഹൃദ ടാക്സികള്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതും ചെലവ് കുറഞ്ഞതുമാണെന്ന് കണ്ടെത്തിയതായി അല്‍ ടയര്‍ പറഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമന കുറയ്ക്കുന്നതോടൊപ്പം ശബ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും പാരിസ്ഥിതിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ദീര്‍ഘായുസ്സ് ഉണ്ട്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിലവ് കുറവാണ്. പുതിയ ഗതാഗത പദ്ധതി പ്രകാരം 2023 ഓടെ ദുബായിലെ 20 ടാക്സികളില്‍ ഒന്ന് ഡ്രൈവറില്ലാ ട്കാസികളാക്കി മാറ്റുമെന്നും ആര്‍ടിഎ തലവന്‍ പ്രഖ്യാപിച്ചു.