ഇസ്തംബൂൾ : തെക്കുകിഴക്കൻ തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു പിന്നാലെയുണ്ടായ തുടർ പ്രകമ്പനങ്ങളിൽ മരണസംഖ്യ വീണ്ടും ഉയർന്നു. വടക്കൻ സിറിയയിലും കനത്ത നാശനഷ്ടമുണ്ടായി.
തുർക്കിയിൽ കുറഞ്ഞത് 1,500 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ സിറിയയിൽ ഇതുവരെയായി 801 പേർ മരിച്ചതായി ദുരന്ത, എമർജൻസി മാനേജ്മെന്റ് അതോറിറ്റി മേധാവി അറിയിച്ചു.
നാശം വിതച്ച പ്രദേശങ്ങളിലെല്ലാം ദുരന്ത നിവാരണ സംഘങ്ങൾ എത്തിയിട്ടുണ്ടെന്നും ഇപ്പോഴും ഊർജിത ജീവൻസുരക്ഷാ നടപടികൾ തുടരുകയാണെന്നും എമർജൻസി മാനേജ്മെന്റ് അതോറിറ്റി മേധാവി ഒർഹാൻ ടാറ്റർ പറഞ്ഞു.
ഭൂകമ്പത്തിൽ കുറഞ്ഞത് 8,533 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ തുർക്കിയിൽ 2,834 കെട്ടിടങ്ങൾ തകർന്നതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 13 വരെ രാജ്യത്തെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് തുർക്കി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ 4.10-ഓടെയാണ് ആദ്യ ഭൂചലനമുണ്ടായത്. 12 മണിക്കൂറിനകം തുർക്കിയലും അതിർത്തി പ്രദേശമായ സിറിയയിലും മൂന്ന് തുടർചലനങ്ങളാണുണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് പേർ ഇപ്പോഴും കെട്ടിടങ്ങൾക്ക് അടിയിലുള്ളതായാണ് വിവരം.