യാമ്പു: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം യാമ്പു തർഹീൽ (ഡീപോർട്ടേഷൻ സെന്റർ) സന്ദർശിച്ചു. വൈസ് കോൺസൽ കിഷൻ സിംഗിന്റെ നേതൃത്വത്തിലാണ് സംഘം തർഹീലിലെത്തിയത്. വി.എഫ്.എസ് ടീമും സംഘത്തിലുണ്ട്. പാസ്പോർട്ട് പുതുക്കുന്നതിനും അറ്റസ്റ്റേഷനുകൾക്കും വേണ്ടി യാമ്പു റിദുവ ഹയാത്ത് ഹോട്ടലിൽ സൗകര്യമേർപ്പെടുത്തിയിരുന്നു. സേവനങ്ങൾക്കെത്തിയവരുടെ വൻ തിരക്കാണ് കേന്ദ്രത്തിൽ അനുഭവപ്പെട്ടത്.
തർഹീലിലെ അഞ്ചു പേർക്ക് പാസ്പോർട്ട് കൈവശം ഇല്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അവർക്ക് ഇ.സി പാസ്പോർട്ട് അനുവദിക്കുന്നതിന് വേണ്ടി അവരുടെ ഫോട്ടോയും മറ്റു രേഖകളും സ്വീകരിച്ച് നാലു ദിവസത്തിനുള്ളിൽ പാസ്പോർട്ട് എത്തിച്ചു നൽകാമെന്ന് സംഘം ഉറപ്പ് നൽകി.
തർഹീലിലെ മൂന്ന് പേരുടെ പണമടങ്ങുന്ന ബാഗ് യാമ്പുവിലെ റൂമിലാണുള്ളതെന്നും പോലീസ് പിടിയിലായപ്പോൾ എടുക്കാനായില്ലെന്നും അറിയിച്ചപ്പോൾ അത് എടുത്ത് അവർക്ക് എത്തിച്ച് കൊടുക്കാമെന്നും വൈസ് കോൺസൽ കിഷൻ സിംഗ് ഉറപ്പ് നൽകി.
ജയിൽ അധികൃതർ വളരെ മാന്യമായും ആദരവോടെയുമാണ് കോൺസുലേറ്റ് സംഘത്തെ സ്വീകരിച്ചത്. ഹുറൂബ് ആയവരെയും, ഇഖാമ കാലാവധി തീർന്നവരെയും, മറ്റു കേസുകളിൽ ജയിലിൽ കഴിയുന്നവരെയും സൗദി ഗവണ്മെ
ന്റാണ് അവരുടെ ചെലവിൽ നാട്ടിലെത്തിക്കുന്നത്. വൈസ് കോൺസൽ കിഷൻ സിംഗിന്റെ നേതൃത്വത്തിൽ വി.എഫ്.എസ് ടീം യാമ്പുവിലെ റിദുവ ഹയാത്ത് ഹോട്ടലിൽ എത്തി ഒരു ദിവസം സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ മാസം കോൺസുലേറ്റ് ടീം സന്ദർശനം മാറ്റിവെച്ചതിനാൽ ഈ മാസം നല്ല തിരക്ക് അനുഭവപ്പെട്ടു. യാമ്പുവിന്റെ ഏകദേശം നൂറ്റി ഇരുപത് കിലോമീറ്റർ ചുറ്റളവിലുള്ള ഇന്ത്യൻ പ്രവാസികൾ ഈ കോൺസുലേറ്റ് സന്ദർശനമാണ് ഉപയോഗപ്പെടുത്താറുള്ളത്. അതുകൊണ്ട് ഒരു മാസം വൈകി വന്നാൽ ആളുകളുടെ എണ്ണം കൂടി വരും.
യാമ്പു, സൗദിയിലെ രണ്ടാമത്തെ ഇൻഡസ്ട്രിയൽ സിറ്റിയായതുകൊണ്ട് ഇവിടെ പല പ്രൊജക്ടുകൾക്കും വരുന്ന ഇന്ത്യക്കാരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. റെഡ്സീ, നിയോം പ്രൊജക്ടുകളിലെ കൂടുതൽ ആളുകളും താമസിക്കുന്നത് യാമ്പു, ഉംലജ്, തബൂക്ക് എന്നിവിടങ്ങളിലാണ്.
പാസ്പോർട്ട് പുതുക്കുന്നതിന് മുൻകൂർ സമയം കിട്ടുന്നതിനായി അപ്പോയിന്മെന്റ് എടുക്കാൻ പലർക്കും അറിയാത്തതുകൊണ്ട് ആ സേവനത്തിന് പല കമ്പ്യൂട്ടർ സെന്ററുകളും അമ്പത് റിയാൽ ഈടാക്കി ആളുകളെ പിഴിയുന്നതായും പരാതിയുണ്ട്.
കൂടാതെ സ്വന്തമായി ചെയ്യാൻ കഴിയുന്നവർ അപ്പോയിന്മെന്റ് എടുത്ത് ഫോം ഫിൽ ചെയ്ത് അവിടെ ചെന്നാലും ഇപ്പോൾ പുതുതായി ഒരു അഫിഡവിറ്റ് കോൺസുലേറ്റ് ആവശ്യപ്പെടുന്നുണ്ട്. അത് ഓൺലൈൻ വഴി ജനങ്ങൾക്ക് കിട്ടില്ല. വി.എഫ്.എസിൽ മാത്രമേ കിട്ടൂ. അതിനാൽ, എല്ലാം ഫിൽ ചെയ്ത് ചെന്നാലും ഓൺലൈൻ സേവനം കിട്ടാതെ കാര്യം നടത്താൻ കഴിയില്ല.
യാമ്പുവിലെ സി.സി.ഡബ്ല്യൂ എന്ന നിലയ്ക്കും ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് എന്ന നിലയ്ക്കും ചെയ്യാവുന്നതെല്ലാം ചെയ്തെന്ന് ശങ്കർ എളങ്കൂർ പറഞ്ഞു. തിരക്ക് കുറക്കാൻ നിരവധി നിർദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു.
അപ്പോയിന്മെന്റ് എന്ന സിസ്റ്റം എടുത്തു കളയുക, ആദ്യം വരുന്നവർക്ക് ടോക്കൺ കൊടുക്കുക, ഈ അഫിഡവിറ്റ് ഓൺലൈൻ വഴി ലഭ്യമാക്കുക, കോൺസുലേറ്റ് സംഘം ഒരു മാസത്തിൽ വരുന്നത് പതിനഞ്ച് ദിവസമാക്കി ചുരുക്കുക അല്ലെങ്കിൽ പാസ്പോർട്ട് പുതുക്കുന്നതിന് പഴയതു പോലെ യാമ്പുവിൽ ഒരു ഓഫീസ് തുറക്കുക എന്നിങ്ങനെയായിരുന്നു നിർദേശങ്ങൾ.