ജിസാൻ- വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിച്ചതിന് ജിസാനിൽ പ്രവർത്തിക്കുന്ന മെൻസ്‌വെയർ ഷോപ്പിന്റെ മാനേജർക്ക് ജിസാൻ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ജിസാനിലെ സ്വബ്‌യയിൽ പുരുഷന്മാരുടെ വസ്ത്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജറായ സൗദി പൗരൻ ഹാതിം മിഖ്ദാദ് മുഹമ്മദ് ഗത്ഗതിനാണ് പിഴ. നിയമ വിരുദ്ധ പരസ്യം നീക്കം ചെയ്യാനും വിധിയുണ്ട്. സൗദി പൗരന്റെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓഫറുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഓഫറുകൾക്ക് വാണിജ്യ മന്ത്രാലയം ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഓഫർ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനയും നടത്തുന്നു. വ്യാജ ഓഫറുകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ ഉപയോക്താക്കൾക്ക് അറിയിക്കാവുന്നതാണ്