റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിനെയും കിഴക്കൻ മേഖല തലസ്ഥാനമായ ദമാമിനെയും ബന്ധിപ്പിക്കുന്ന റിയാദ്-ദമാം എക്സ്പ്രസ്സ് ഹൈവെയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. ഞായറാഴ്ച മുതൽ ഈ റോഡിൽ അറ്റക്കുറ്റപണികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കിഴക്കൻ പ്രവിശ്യ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയ ബ്രാഞ്ച്, റീജിയൺ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ, റിയാദ് / ദമാം റോഡിൽ ഞായറാഴ്ച മുതൽ വിവിധ ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികൾ നടക്കുമെന്ന് പ്രഖ്യാപിച്ചു.
അബു ഹദ്രിയ റോഡ് ഇന്റർസെക്‌ഷൻ മുതൽ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് റോഡ് ഇന്റർസെക്‌ഷൻ വരെ 10 കിലോമീറ്റർ നീളത്തിൽ സർവീസ് റോഡിലൂടെ ഇരുവശത്തേക്കും അറ്റകുറ്റപ്പണികൾ ആരംഭിക്കും. ഉസ്മാൻ ബിൻ അഫാൻ റോഡിന്റെ ജംഗ്ഷൻ മുതൽ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരന്റെ ജംഗ്ഷൻ വരെ രണ്ട് ദിശകളിലുമായി മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന റോഡും നന്നാക്കും.
കിഴക്കൻ മേഖലയിലെ ജനങ്ങൾക്കും താമസക്കാർക്കും നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും റോഡുകൾ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് മന്ത്രാലയത്തിൽ നിന്നുള്ള ഈ ശ്രമങ്ങൾ.