ജിദ്ദ : സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് സര്‍വീസ് ജിദ്ദയില്‍ ആരംഭിച്ചു. പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് ആണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ജിദ്ദ മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി, സാപ്റ്റ്‌കോ പ്രസിഡന്റ് എന്‍ജിനീയര്‍ ഖാലിദ് അല്‍ഹുഖൈല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2030 ഓടെ സൗദിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 25 ശതമാനം തോതില്‍ കുറക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് തന്ത്രത്തിന്റെയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്ന നൂതന ഗതാഗത സംവിധാനങ്ങളും സാങ്കേതികവിദ്യകളും നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഇലക്ട്രിക് ബസ് പുറത്തിറക്കിയതെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വഴി സൗദിയിലെ പ്രധാന നഗരങ്ങളില്‍ ജീവിത ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നു.
സിംഗിള്‍ ചാര്‍ജിംഗില്‍ 300 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഇലക്ട്രിക് ബസിന് സാധിക്കും. ഉയര്‍ന്ന കാര്യക്ഷതമയുള്ള നൂതന ബസുകളുടെ ഗണത്തില്‍ പെട്ട ഈ ബസിന്റെ വൈദ്യുതി ഉപയോഗം മറ്റു ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് പത്തു ശതമാനം കുറവാണ്. പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ സ്ട്രീറ്റ്, മദീന റോഡു വഴി ഖാലിദിയയെയും ബലദിനെയും ബന്ധിപ്പിക്കുന്ന 7എ റൂട്ടിലാണ് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നത്. ഖാലിദിയ, അല്‍റൗദ, അല്‍അന്തലുസ്, റുവൈസ്, ബഗ്ദാദിയ, ബലദ് എന്നീ ഡിസ്ട്രിക്ടുകളിലെ യാത്രക്കാര്‍ക്ക് ബസ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
സൗദിയില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ തുടക്കമെന്നോണമാണ് ജിദ്ദയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യത്തെ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചതെന്ന് പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. ജിസാന്‍, സ്വബ്‌യ, അബൂഅരീശ്, തായിഫ്, അല്‍ഖസീം പോലുള്ള ഇടത്തരം നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്താന്‍ പൊതുഗതാഗത അതോറിറ്റി ശ്രമിച്ചുവരികയാണ്. തബൂക്ക്, അല്‍ഹസ അടക്കം മറ്റു നഗരങ്ങളിലും സമാന പദ്ധതി നടപ്പാക്കും. ഇതിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വീടുകളില്‍ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും മികച്ച ഗതാഗത സേവനം ലഭിക്കും.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്ന മറ്റു വൈവിധ്യമാര്‍ന്ന ബദലുകള്‍ ഉപയോഗപ്പെടുത്തുന്നതും പരീക്ഷിക്കുന്നുണ്ട്. ഗതാഗത സംവിധാനങ്ങളില്‍ ശുദ്ധ ഊര്‍ജം അവലംബിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 45 ശതമാനം തോതില്‍ കുറക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. റിയാദില്‍ അടുത്ത മാര്‍ച്ചില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുമെന്നും ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.