റിയാദ്: ബസ് ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പുവരുത്താനും അപകടങ്ങൾക്ക് ഇടയാക്കുന്ന നിലക്കുള്ള അമിത ജോലി ഭാരം തടയാനും ശ്രമിച്ച്, തുടർച്ചയായി നാലര മണിക്കൂറിൽ കൂടുതൽ നേരം വിശ്രമമില്ലാതെ ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നത് പൊതുഗതാഗത അതോറിറ്റി വിലക്കി. നാലര മണിക്കൂർ ബസ് ഓടിച്ച ശേഷം ഡ്രൈവർ മുക്കാൽ മണിക്കൂർ നേരം വിശ്രമമെടുക്കണം. ഒറ്റത്തവണയായും രണ്ടു തവണയായും വിശ്രമമെടുക്കാവുന്നതാണ്. രണ്ടു തവണയായി വിശ്രമമെടുക്കുന്ന പക്ഷം ആദ്യ തവണ 15 മിനിറ്റും രണ്ടാം തവണ 30 മിനിറ്റുമാണ് വിശ്രമമെടുക്കേണ്ടത്. വിശ്രമ സമയത്ത് ഡ്രൈവർ മറ്റൊരു ജോലിയും നിർവഹിക്കാൻ പാടില്ല. ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു മണിക്കൂറിൽ കൂടുതൽ ഡ്രൈവർ ബസ് ഓടിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ആഴ്ചയിൽ രണ്ടു തവണ ഇത് പരമാവധി പത്തു മണിക്കൂറായി ദീർഘിപ്പിക്കാവുന്നതാണ്.
ആഴ്ചയിൽ 56 മണിക്കൂറിൽ കൂടുതൽ ഡ്രൈവർ ബസ് ഓടിക്കാൻ പാടില്ല. തുടർച്ചയായി രണ്ടാഴ്ചയിൽ ഡ്രൈവർ 90 മണിക്കൂറിൽ കൂടുതലും ജോലി ചെയ്യാൻ പാടില്ല. ഡ്രൈവറുടെ പ്രതിദിന വിശ്രമ സമയം തുടർച്ചയായ 11 മണിക്കൂറിൽ കുറയാൻ പാടില്ല. തുടർച്ചയായി ആറു ദിവസം ജോലി ചെയ്ത ശേഷം ഡ്രൈവർക്ക് ലഭിക്കുന്ന പ്രതിവാര വിശ്രമ സമയം തുടർച്ചയായ 45 മണിക്കൂറിൽ കുറയരുത്. റോഡുകളിലെ സുരക്ഷ പരിഗണിച്ച് പരമാവധി ഡ്യൂട്ടി സമയം ഡ്രൈവർക്ക് മറികടക്കാവുന്നതാണ്. ബസ് നിർത്താൻ സുരക്ഷിതവും അനുയോജ്യവുമായ സ്ഥലത്ത് എത്തുന്നതു വരെ പരമാവധി 30 മിനിറ്റോ 50 കിലോമീറ്ററോ ഏതാണ് ആദ്യം എത്തുന്നതെങ്കിൽ അതുവരെയാണ് ഡ്രൈവർക്ക് ഇങ്ങനെ പരമാവധി ഡ്യൂട്ടി സമയം മറികടക്കാൻ അനുവാദമുള്ളത്.
പ്രതിദിന, പ്രതിവാര വിശ്രമ സമയം ബസുകൾക്ക് പുറത്താണ് ഡ്രൈവർമാർ ചെലവഴിക്കേണ്ടത്. ബസിനകത്ത് പ്രത്യേകം സജ്ജീകരിച്ച വിശ്രമ സ്ഥലമുണ്ടെങ്കിലും ബസിനകത്ത് ചെലവഴിക്കുന്ന വിശ്രമ സമയം പ്രതിദിന, പ്രതിവാര വിശ്രമ സമയത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല. റോഡുകളിൽ സുരക്ഷാ നിലവാരം ഉയർത്താനും ഡ്രൈവർമാർക്ക് മികച്ച തൊഴിൽ സാഹചര്യം ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ വ്യവസ്ഥകൾ ഏപ്രിൽ 30 മുതൽ നടപ്പാക്കി തുടങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.