റിയാദ് : സൗദിയിലെ സ്വകാര്യ സ്‌കൂൾ മേഖലയിൽ വിദേശികൾക്ക് നിക്ഷേപാനുമതി നൽകുന്നതിന് സ്വകാര്യ സ്‌കൂൾ നിയമാവലിയിൽ ഭേദഗതികൾ വരുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം പഠിക്കുന്നു. നിയമാലിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തി.
സ്വകാര്യ സ്‌കൂളുകൾ ആരംഭിക്കാനുള്ള ലൈസൻസിന് സൗദി നിക്ഷേപകർക്കും വിദേശ നിക്ഷേപകർക്കും അപേക്ഷിക്കാമെന്ന് ഭേദഗതി ചെയ്ത നിയമാവലി വ്യക്തമാക്കുന്നു. സൗദി, വിദേശ നിക്ഷേപകർക്ക് സംയുക്തമായും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നവർ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടണമെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകർ അച്ചടക്ക നടപടികളുടെ പേരിൽ സർക്കാർ സർവീസിൽ നിന്നോ സ്വകാര്യ സ്‌കൂളുകളിൽ നിന്നോ പുറത്താക്കിയവരാകാൻ പാടില്ല.
അപേക്ഷകൻ വിദേശ നിക്ഷേപകനാണെങ്കിൽ നിക്ഷേപ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടൽ നിർബന്ധമാണ്. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ മുൻപരിചയവും ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ സ്വകാര്യ സ്‌കൂൾ തുറക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ പേരു മാറ്റാനോ പ്രവർത്തന സ്ഥലം മാറ്റാനോ പാഠ്യപദ്ധതിയിൽ മാറ്റംവരുത്താനോ പാടില്ലെന്നും നിയമാവലി വ്യക്തമാക്കുന്നു.