അറാർ : കാലാവധി തീർന്ന ഉൽപന്നങ്ങൾ വിറ്റ സൗദി പൗരനും യെമനിക്കും അറാർ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ ഭക്ഷ്യവസ്തുക്കളും മറ്റു ഉപഭോക്തൃ വസ്തുക്കളും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ബദ്ർ സ്വാലിഹ് അൽനഹ്ദി എസ്റ്റാബ്ലിഷ്‌മെന്റ് ഉടമയായ സൗദി പൗരൻ ബദ്ർ ബിൻ സ്വാലിഹ് ബിൻ അലി അൽനഹ്ദി, സ്ഥാപനത്തിലെ സെയിൽസ്മാനായ യെമനി നുഹൈദ് അലി സഅദ് ബിൻ ഫാരിസ് എന്നിവർക്കാണ് കോടതി പിഴ ചുമത്തിയത്.
സ്ഥാപനത്തിൽ കണ്ടെത്തിയ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. നിയമലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന 26 പേക്കറ്റ് ശുചീകരണ വസ്തുക്കളും സൗന്ദര്യ വർധക ഉൽപന്നങ്ങളും വിൽപനക്ക് വെച്ചതായി കണ്ടെത്തുകയായിരുന്നു. വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ അറിയിക്കണമെന്ന് ഉപയോക്തക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.