റിയാദ്: ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശ്വാസം. ലെവി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സഊദി മന്ത്രിസഭാ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ഉടമ അടക്കം ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളെ മൂന്നു വര്‍ഷത്തേക്ക് ലെവിയില്‍ നിന്ന് ഒഴിവാക്കാന്‍ മൂന്നു കൊല്ലം മുമ്പ് (14.08.1441) ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ കാലയളവ് അവസാനിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി ലെവി ഇളവ് ദീര്‍ഘിപ്പിക്കാനാണ് മന്ത്രിസഭ ഇന്നലെ തീരുമാനിച്ചത്.
ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ പത്തു ലക്ഷത്തോളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ മഹാഭൂരിഭാഗവും ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ്. തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയില്‍ ഉസ്‌ബെക്കിസ്ഥാനുമായി ഒപ്പുവെച്ച കരാര്‍ മന്ത്രിസഭ അംഗീകരിച്ചു. സംവാദം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷത്തിനും തീവ്രവാദത്തിനുമുള്ള കാരണങ്ങള്‍ നിരാകരിക്കാനും ആവശ്യപ്പെടുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട്, പ്രാദേശിക, ആഗോള തലങ്ങളിലെ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തി മന്ത്രിസഭാ യോഗം ആവര്‍ത്തിച്ചു.