റിയാദ് – മെട്രോയും ബസ് സർവീസ് ശൃംഖലകളും അടങ്ങിയ റിയാദ് പൊതുഗതാഗത പദ്ധതി അടുത്ത മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽമുഹ്‌സിൻ അൽറശീദ് പറഞ്ഞു. തുടക്കത്തിൽ ബസ് സർവീസുകളാണ് ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും.
റിയാദ് മെട്രോയും പൊതുഗതാഗത സംവിധാനവും ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ പദ്ധതികളിൽ ഒന്നാണ്. കോവിഡ് മഹാമാരി വ്യാപനം കാരണമാണ് റിയാദ് പൊതുഗതാഗത പദ്ധതിക്ക് കാലതാമസം നേരിട്ടത്. തലസ്ഥാന നഗരിയിലെ ജനസംഖ്യാ വർധനവിന് അനുസൃതമായി റിയാദ് മെട്രോ വികസിപ്പിക്കും. കഴിഞ്ഞ കൊല്ലം റിയാദിലെ ജനസംഖ്യ 80 ലക്ഷമായി ഉയർന്നു.
ഖിദിയ, ദിർഇയ ഗെയ്റ്റ്, ലോകത്തെ ഏറ്റവും വലിയ നഗര പാർക്ക് ആയ കിംഗ് സൽമാൻ പാർക്ക്, റിയാദ് ഗ്രീൻ, സ്‌പോർട്‌സ് ട്രാക്ക്, റിയാദ് ആർട്ട്, കിംഗ് സൽമാൻ എയർപോർട്ട്, പൊതുഗതാഗത പദ്ധതി, മെട്രോ തുടങ്ങി 30 ലേറെ വൻകിട പദ്ധതികൾ റിയാദിൽ നടപ്പാക്കുന്നുണ്ട്. 81 ലേറെ ബഹുരാഷ്ട്ര കമ്പനികൾ ഇതിനകം റിയാദിൽ മെയിൻ റീജ്യനൽ ആസ്ഥാനങ്ങൾ തുറന്നിട്ടുണ്ട്. അടുത്ത വർഷത്തോടെ റിയാദിൽ റീജ്യനൽ ആസ്ഥാനങ്ങൾ തുറക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ കമ്പനികളുടെ എണ്ണം ഇരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദിന്റെ സമഗ്ര വികസനത്തിനുള്ള തന്ത്രം തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. വൈകാതെ ഇത് പരസ്യപ്പെടുത്തും. നിരവധി പദ്ധതികൾ അടങ്ങിയ തന്ത്രം ഏറെ സമയമെടുത്താണ് തയാറാക്കിയത്. ഈ തന്ത്രം പ്രഖ്യാപിച്ച ശേഷം റിയാദ് നഗരത്തിൽ ഒരുക്കുന്ന ഗതാഗത സംവിധാനങ്ങളെ കുറിച്ചും പരസ്യപ്പെടുത്തുമെന്ന് ഫഹദ് ബിൻ അബ്ദുൽമുഹ്‌സിൻ അൽറശീദ് പറഞ്ഞു