റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പുതിയ എയര്‍പോര്‍ട്ടിലേക്കുള്ള നടപടികള്‍ പുരോഗമിക്കുന്നു. തലസ്ഥാനമായ റിയാദില്‍ സ്ഥാപിക്കുന്ന കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ നവംബറിലാണ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നാകുമിത്. യാത്രക്കാരുടെ എണ്ണം, ആവശ്യം, ലഭ്യത എന്നിവയെ കുറിച്ച് വിശദമായ പഠനം നടത്തിയാണ് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ടിനുള്ള സ്ഥലം നിര്‍ണയിച്ചതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു. ശക്തമായ പശ്ചാത്തല സൗകര്യം അടക്കമുള്ള നിരവധി സവിശേഷതകള്‍ പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കുന്ന സ്ഥലത്ത് അടങ്ങിയിരിക്കുന്നു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ സ്ഥാപക കൗണ്‍സില്‍ സ്ഥാപിച്ചതും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതും പുതിയ എയര്‍പോര്‍ട്ടിന്റെ സവിശേഷതകളാണ്. നാലു റണ്‍വേകള്‍ അടങ്ങിയ പുതിയ വിമാനത്താവളത്തില്‍ 2030 ഓടെ പ്രതിവര്‍ഷം 12 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.
2050 ഓടെ റണ്‍വേകളുടെ എണ്ണം ആറായി ഉയര്‍ത്തും. അതോടെ കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്ന പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം 18.5 കോടിയായി ഉയരുമെന്ന് കണക്കാക്കുന്നു.
സൗദിയിലെ മുഴുവന്‍ വിമാനത്താവളങ്ങളും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റുകയാണ്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അടക്കമുള്ള ഏതാനും വിമാനത്താവളങ്ങള്‍ മാസങ്ങള്‍ക്കുള്ളില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റും.
ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ വിമാനങ്ങളുടെ എണ്ണം 140 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സൗദിയിലെ പ്രവിശാലമായ ഭൂപ്രദേശങ്ങള്‍ കവര്‍ ചെയ്യാനും വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും സൗദിയക്ക് മാത്രം സാധിക്കില്ല. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കുന്നത്. പുതിയ കമ്പനി പി.ഐ.എഫിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും പ്രവര്‍ത്തിക്കുക.
2030 ഓടെ സൗദിയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയില്‍ നിന്ന് സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 300 ഓളമായും ഉയര്‍ത്താന്‍ സൗദിയക്കു പുറമെ മറ്റൊരു വിമാന കമ്പനി കൂടി ആവശ്യമാണ്.
ഇന്ധന വിലക്കയറ്റം വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന് പ്രധാന കാരണമാണ്. 2019 നും 2021 നും ഇടയില്‍ ഇന്ധന വിലകള്‍ 60 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കുത്തക പ്രവണതയില്ലെന്നും സീറ്റ് ശേഷിയില്‍ കുറവില്ലെന്നും ഉറപ്പുവരുത്തലാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചുമതല. വിവിധ വിമാന കമ്പനികള്‍, വ്യത്യസ്ത ബുക്കിംഗ് സമയങ്ങള്‍, വിവിധ വിഭാഗം ടിക്കറ്റുകള്‍ എന്നിവ അടക്കം യാത്രക്കാര്‍ക്ക് വ്യത്യസ്ത ഓപ്ഷനുകള്‍ നല്‍കുന്നത് ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. വിമാന ടിക്കറ്റുകളുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ അതോറിറ്റി നേരിട്ട് ഇടപെടുന്നില്ല. ആവശ്യത്തില്‍ കൂടുതല്‍ സീറ്റ് ശേഷിയും വ്യത്യസ്ത വിമാന കമ്പനികളുടെ സാന്നിധ്യവും ഉറപ്പുവരുത്തി യാത്രക്കാര്‍ക്ക് വ്യത്യസ്ത ഓപ്ഷനുകള്‍ ലഭ്യമാക്കാനാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു.