സൗദി അറേബ്യയുടെ വടക്കേ അറ്റത്ത് ജോർദാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ചെറിയ ഒരു പട്ടണമാണ് ഹഖൽ. ജിദ്ദയിൽ നിന്നും ഏകദേശ1100 കിലോമീറ്റർ അകലെ ചെങ്കടൽ പിളർന്ന് രണ്ടായി പിരിയുന്ന ഭാഗത്ത് അഖബ ഉൾക്കടലിന്റെ തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.
മനോഹരമായ പ്രകൃതിദൃശ്യങ്ങളും, ഇളം നീല നിറത്തിൽ തെളിഞ്ഞു നിൽക്കുന്ന കടലും, പർവതങ്ങളാൽ ചുറ്റപ്പെട്ട വെളുത്ത മണൽ ബീച്ചുകളും, നിറമുള്ള പവിഴപ്പുറ്റുകളും, ആകർഷകമായ കാലാവസ്ഥയുമാണ് തബൂക്ക് മേഖലയിലെ വടക്കുപടിഞ്ഞാറൻ തീരനഗരമായ ഹഖലിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.
ഹഖൽ പട്ടണത്തിൽ നിന്ന് വെറും 10 കിലോമീറ്റർ മാത്രം ദൂരെയാണ് ജോർദാൻ അതിർത്തിപ്രദേശമായ ദുർറ. ജോർദാൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ഭാഗത്ത് കടലിലേക്ക് നോക്കിയാൽ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ അഖബ ഉൾക്കടലിൽ സംഗമിക്കുന്ന സ്ഥലം കാണാം. ഇതിന് പുറമെ ഈജിപ്തും, ജോർദാനും, ഇസ്രയേലുമായി അതിർത്തി പങ്കിടുന്നതും ഇവിടെയാണ്.
ടൂറിസ്റ്റുകൾ വ്യാപകമായി ഹഖൽ ഒരു വിനോദ സഞ്ചാര കേന്ദ്രമായി തിരഞ്ഞെടുക്കാൻ തുടങ്ങിയിട്ട് ചുരുക്കം വർഷങ്ങളെ ആയിട്ടുള്ളൂ. അടുത്ത കാലത്തായി സൗദിയിലേക്ക് മൾട്ടിപ്പ്ൾ എൻട്രി വിസയിൽ സന്ദർശകരായി എത്തുന്ന വിദേശികൾ വിസ പുതുക്കാൻ വേണ്ടി സൗദിയിൽ നിന്നും പുറത്തു പോയി വരാൻ ജോർദാൻ അതിർത്തിയായ ദുർറ ബോർഡർ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ കുറച്ചു കാലമായി ഹഖലിൽ അല്പം തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
മലയാളികളടക്കം നിരവധി വിദേശികളാണ് ഫാമിലി വിസിറ്റിങ് വിസ പുതുക്കാൻ വേണ്ടി ഇപ്പോൾ ഹഖലിൽ എത്തിത്തുടങ്ങിയിട്ടുള്ളത്. വിസ പുതുക്കാൻ സഹായിക്കുന്ന പല ഏജൻസികളും ഇപ്പോൾ ഹഖലടക്കം തബൂക്കിന്റെ മനോഹാരിത കൂടി ആസ്വദിക്കാവുന്ന തരത്തിലാണ് പാക്കേജുകൾ ഒരുക്കുന്നത്.
സൗദി അറേബിയയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റി കൂടി യാഥാർഥ്യമാകുന്നതോടെ ഹഖൽ വിനോദസഞ്ചാരികളാൽ നിറഞ്ഞ് തിരക്കുള്ള ഒരു പട്ടണമായി മാറുമെന്നുറപ്പാണ്