റിയാദ്: സ്ഥാപനത്തിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ തോതനുസരിച്ച് സൗദിവത്കരണം നിര്‍ബന്ധമാക്കുന്ന പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്താഴ്ച മുതല്‍ നടപ്പാക്കും. ഒന്നു മുതല്‍ അഞ്ചു ശതമാനം വരെ സൗദിവത്കരണം നടപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പദ്ധതി പ്രകാരം മിക്ക സ്ഥാപനങ്ങളും കമ്പനികളും കൂടുതല്‍ സൗദി പൗരന്മാരെ നിയമിക്കേണ്ടിവരും. അതേസമയം ഇളം പച്ച വിഭാഗത്തില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ സൗദി പൗരന്മാരെ ജോലിക്ക് വെച്ചില്ലെങ്കില്‍ ചുവപ്പ് വിഭാഗത്തിലേക്ക് താഴുമെന്നും ആവശ്യമായ നടപടികള്‍ ഇപ്പോള്‍ തന്നെ സ്വീകരിക്കണമെന്നും സാമൂഹിക മാനവശേഷി വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അഞ്ചില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഒരു സൗദി പൗരനെ നിയമിച്ചാല്‍ മതിയെങ്കിലും അതിന് മുകളിലേക്ക് മന്ത്രാലയം നിശ്ചയിച്ച തോതനുസരിച്ച് തന്നെ സൗദിവത്കരണം പൂര്‍ത്തിയാക്കണം. ഇത് സംബന്ധിച്ച സന്ദേശം എല്ലാ തൊഴിലുടമകള്‍ക്കും മാനവശേഷി മന്ത്രാലയം അയച്ചുകഴിഞ്ഞു. 2021 ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് മൂന്നു ഘട്ടമായി പരിഷ്‌കരിച്ച നിതാഖാത്ത് പ്രഖ്യാപിച്ചത്. 2022, 2023, 2024 വര്‍ഷത്തേക്കാണ് പദ്ധതിയെന്നും എല്ലാ സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തന മേഖലക്കനുസരിച്ച് നേരത്തെ തന്നെ ഒരുങ്ങണമെന്നും മന്ത്രാലയം നിര്‍ദശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വദേശിവത്കരണ തോത് പരിശോധിക്കാനുള്ള ലിങ്കും സന്ദേശങ്ങളും മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
റീട്ടെയില്‍ ആന്റ് ഹോള്‍സെയില്‍, വ്യവസായം, ആരോഗ്യം, കോണ്‍ട്രാക്ടിംഗ്, ബിസിനസ് സര്‍വീസ്, സ്‌കൂള്‍, ഫുഡ്സ്റ്റഫ്, ബഖാല, മെയിന്റനന്‍സ്, റെസ്റ്റോറന്റ്, കോഫി ഷോപ്പ്, ഗതാഗതം തുടങ്ങി രാജ്യത്തെ മൊത്തം സ്ഥാപനങ്ങളെ അവയുടെ പ്രവര്‍ത്തന രീതി അനുസരിച്ച് 37 വിഭാഗങ്ങളായാണ് പരിഷ്‌കരിച്ച നിതാഖാത്തില്‍ തരം തിരിച്ചിരിക്കുന്നത്. വ്യവസായ മേഖല ഈ വര്‍ഷം ഇളം പച്ചയിലെത്താന്‍ 12.08, കോണ്‍ട്രാക്ടിംഗ് 12.17, മെയിന്റനന്‍സ് 16.12, ഹോള്‍സെയില്‍ ആന്‍ഡ് റീ ട്ടെയില്‍ 20.25, റെസ്‌റ്റോറന്റ് 12.47, ഫാസ്റ്റ്ഫുഡ് 14.08, കോഫി ഷോപ്പ് 15.98, ബഖാല 13.46, മൊബൈല്‍ ഷോപ്പ് 82.00, റോഡ് ട്രാന്‍സ്‌പോര്‍ട്ട് 11.09, സീ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് 24.57, ധനകാര്യ സ്ഥാപനങ്ങള്‍ 50.00, ബിസിനസ് സര്‍വീസ് 30.78, വിദേശ സ്‌കൂളുകള്‍ 4.95, ലാബ് ഹെല്‍ത്ത് സര്‍വീസുകള്‍ 23.74, ഹോട്ടല്‍ 22.60, പെട്രോള്‍ പമ്പ് 8.86, റിക്രൂട്ട്‌മെന്റ് ഓഫീസ് 74.50, ടെലികോം 25.76, പോസ്റ്റല്‍ 17.10, ഐടി15.77 എന്നിങ്ങനെ തോതിലാണ് സൗദി ജീവനക്കാരെ നിയമിക്കേണ്ടത്. ഇടത്തരം പച്ചയിലെത്താന്‍ മൂന്നോ നാലോ ശതമാനവും കടും പച്ചയിലെത്താന്‍ വീണ്ടും മൂന്നോ നാലോ ശതമാനവും പ്ലാറ്റിനത്തിലെത്താന്‍ വീണ്ടും മൂന്നോ നാലോ ശതമാനവും സൗദിവത്കരണം നടത്തണം. ചില മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് അടുത്ത വര്‍ഷവും ഇതേ സൗദിവത്കരണത്തോത് നിലനിര്‍ത്തിയാല്‍ മതിയെങ്കിലും മിക്ക കാറ്റഗറികളിലും ചെറിയ ശതമാനം വര്‍ധനവ് വരുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്ന ഏറ്റവും താഴ്ന്ന വിഭാഗമാണ് ഇളം പച്ച. എല്ലാ സേവനങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ചുവപ്പ്.
ചുവപ്പ് വിഭാഗത്തില്‍ നിന്ന് കരകയറാന്‍ പേരിന് മാത്രം സൗദി പൗരന്മാരെ നിയമിച്ച് ഇളം പച്ചയിലോ ഇടത്തരം പച്ചയിലോ ആയ സ്ഥാപനങ്ങളെല്ലാം വൈകാതെ ചുവപ്പിലേക്ക് കൂപ്പുകുത്തും. നേരത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ചില പ്രവര്‍ത്തന മേഖലകള്‍ക്കും സൗദിവത്കരണത്തില്‍ ഇളവ് ലഭിച്ചിരുന്നുവെങ്കിലും പരിഷ്‌കാരത്തോടെ അത് നിര്‍ത്തലാക്കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം, വന്‍കിടയെന്ന തരംതിരിക്കല്‍ പൂര്‍ണമായും ഇല്ലാതായത് വഴി എല്ലാ സ്ഥാപനങ്ങളും വിദേശികളുടെ എണ്ണത്തിനനുസരിച്ച് നിശ്ചിത തോത് സൗദികളെ നിയമിക്കേണ്ടിവരും. സൗദികളടക്കമുള്ള മൊത്തം ജീവനക്കാരുടെ അനുപാതത്തിനനുസരിച്ചാണ് ഇപ്പോള്‍ സൗദിവത്കരണം കണക്കാക്കിവരുന്നത്.
സൗദി അറേബ്യയില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സൗദി പൗരന്മാരെ ജോലിക്ക് വെക്കല്‍ നിര്‍ബന്ധമാണ്. സൗദി, വിദേശി ജീവനക്കാരുടെ എണ്ണത്തിന്റെ തോതനുസരിച്ച് ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടുംപച്ച, പ്ലാറ്റിനം എന്നിങ്ങനെ വിവിധ നിറങ്ങളില്‍ സ്ഥാപനങ്ങളെ തരംതിരിക്കുന്ന പ്രക്രിയയാണ് നിതാഖാത്ത്. 2017 മുതലാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്.