തുറൈഫ് : ബഖാലകളിൽ പച്ചക്കറികൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവ്. പരിശോധനയ്ക്കായി തുറൈഫിൽ നഗരസഭ റെയ്ഡ് നടത്തി. നഗരസഭയുടെ ഉദ്യോഗസ്ഥരാണ് ബഖാലകളിൽ പച്ചക്കറികൾ വിൽപന നടത്തുന്നത് തടഞ്ഞത്. ഇനി മുതൽ പച്ചക്കറി കടകളിൽ മാത്രമേ ഇവ വിൽക്കാൻ അനുവദിക്കൂ.
ഇതുമൂലം ബഖാല കച്ചവടം നടത്തുന്നവർക്ക് വൻ നഷ്ടമാണ് സംഭവിക്കുന്നതെന്ന് സ്വദേശി പൗരനായ കടയുടമ പറഞ്ഞു. നഗരത്തിലെ ബഖാലകളിലെല്ലാം സാമാന്യം നല്ല നിലയിൽ ദിനംപ്രതി പച്ചക്കറി കച്ചവടങ്ങൾ നടന്നിരുന്നു. നാടുകളിൽ നിന്ന് എത്തുന്ന പച്ചക്കറികൾ പോലും ലഭ്യമായിരുന്നു. രണ്ടാഴ്ച മുമ്പാണ് പച്ചക്കറികൾ വിൽപന നടത്തുന്നത് നിർത്താൻ വേണ്ടി ബഖാല നടത്തിപ്പുകാർക്ക് നിർദേശം നൽകിയത്.
തക്കാളി, കൂസ, വഴുതന, പയർ തുടങ്ങി നാരങ്ങ ഉൾപ്പെടെ അനേകം പച്ചക്കറികൾ കിട്ടണമെങ്കിൽ പച്ചക്കറി കടകളിൽ തന്നെ പോകണം. നഗരത്തിന്റെ മുക്കിലും മൂലയിലും ഉൾപ്പെടെ ധാരാളം ചെറിയ ബഖാലകൾ പ്രവർത്തിച്ചു വരുന്നു. ഇവിടെയൊക്കെ പച്ചക്കറികൾ നിർത്തലാക്കിയതോടെ ഉപഭോക്താക്കളും വലഞ്ഞിരിക്കുകയാണ്.