റിയാദ്: രാജ്യത്ത് നിയമപരമായി പ്രചാരത്തിലിരിക്കുന്ന ഒരു കറൻസിയോ അതിന്റെ ഭാഗമോ പ്രിന്റ് എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് ചുമത്തുന്ന പിഴകൾ പബ്ലിക് പ്രോസിക്യൂഷൻ നിർണ്ണയിച്ചു.
കള്ളപ്പണം ശിക്ഷാ വ്യവസ്ഥയിലെ ആർട്ടിക്കിൾ 5 പ്രകാരം കറൻസിയോ അതിന്റെ ഭാഗമോ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് 1000 റിയാൽ വരെ പിഴയും പുറമെ ഒരു വർഷം വരെ തടവും ശിക്ഷയിൽ ഉൾപ്പെടുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
നിയമപരമായി പ്രചരിക്കുന്ന പേപ്പർ കറൻസിയോ അതിന്റെ ഭാഗമോ ഉൾപ്പെടുന്ന ചിത്രങ്ങൾ സാംസ്കാരികമോ വ്യാവസായികമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾക്കായി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടികൾ കൈകൊള്ളുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ, വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കായി പ്രത്യേക അനുമതിയോടെ ഇത് ചെയ്യാനാവും. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലൈസൻസ് നേടാതെ വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നവർക്കും പിഴകൾ ബാധകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി