സഊദി വിദേശ കാര്യ മന്ത്രാലയത്തിന്റെ (MOFA) വിസ സ്റ്റാമ്പിങ് അപേക്ഷ സൈറ്റ് പരിഷ്കരിച്ചതോടെയാണ് പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി ആയേക്കാവുന്ന ചില മാറ്റങ്ങൾ വന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മോഫ സൈറ്റിൽ പുതിയ പരിഷ്കരണം നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്ത് കര, വ്യോമ, കടൽ മാർഗ്ഗം വഴിയാണോ യാത്ര, അതല്ല ഏത് വഴിയും സാധ്യമാക്കുന്ന ‘ഓപ്പൺ’ സംവിധാനമാണോ എന്നത് തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ, പുതിയ അപ്ഡേറ്റിൽ ‘ഓപ്പൺ’ എന്നത് ഒഴിവാക്കിയതാണ് തിരിച്ചടിയായത്. ഇതോടെ മൾട്ടിപ്പിൾ വിസക്കാർക്ക് മൂന്ന് മാസ കാലാവധി കഴിയുന്നതോടെ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി ലഭിക്കണമെങ്കിൽ വിമാനമാർഗ്ഗം തന്നെ സഊദി അറേബ്യ വിട്ട് തിരിച്ചു വരേണ്ടി വരും. നിലവിൽ ചെയ്തിരുന്ന പോലെ റോഡ് മാർഗ്ഗം ബഹ്‌റൈൻ, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയി തിരിച്ചു വരാൻ സാധ്യമായേക്കില്ലെന്ന് ചുരുക്കം.
രണ്ട് ദിവസം മുമ്പാണ് പുതിയ അപ്ഡേറ്റ് മോഫ പ്രാബല്യത്തിൽ വരുത്തിയത്. നേരത്തെ വിസ സ്റ്റാമ്പ് ചെയ്യുന്ന അവസരത്തിൽ കോൺസുലേറ്റിലേക്കോ എംബസിയിലേക്കോ വിസ പ്രോസാസിങ് മോഫ സൈറ്റിൽ ഏജൻസികൾക്ക് യാത്രാ മാർഗ്ഗം എന്നതിൽ തിരഞ്ഞെടുക്കാനായി വിവിധ ഓപ്‌ഷനുകൾ ഉണ്ടായിരുന്നു. കര, വ്യോമ, കടൽ മാർഗ്ഗം വഴിയാണോ യാത്ര, അതല്ല ഏത് വഴിയും സാധ്യമാക്കുന്ന ‘ഓപ്പൺ’ സംവിധാനമാണോ എന്നത് തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നു. ഇവിടെ സാധാരണയായി ‘ഓപ്പൺ’ എന്നതായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇത് തിരഞ്ഞെടുക്കുന്നതോടെ സഊദിയിലേക്ക് കര മാർഗ്ഗമോ വിമാന മാർഗ്ഗമോ വരാനും പോകാനും സാധ്യമായിരുന്നു. എന്നാൽ, ആദ്യ ഘട്ടങ്ങളിൽ ഇത് ശ്രദ്ധിക്കാതെ ‘വിമാനമാർഗ്ഗം’ എന്നത് തിരഞ്ഞെടുത്തവർക്ക് കോസ്‌വേയിൽ നിന്ന് തിരിച്ചു പോകേണ്ടിയും വന്നിരുന്നു. പിന്നീടാണ് ട്രാവൽ ഏജൻസികൾ മുഴുവൻ കൂടുതൽ സൗകര്യം എന്ന രൂപത്തിൽ ‘ഓപ്പൺ’ എന്നത് തിരഞ്ഞെടുത്തു തുടങ്ങിയത്. എന്നാൽ, പുതിയ അപ്ഡേറ്റിൽ ഓപ്പൺ എന്നത് പാടെ ഒഴിവാക്കിയതാണ് തിരിച്ചടിയായത്.
Mofa സൈറ്റ്
നിലവിൽ ഒരു വർഷ മൾട്ടിപ്പിൾ കുടുംബ സന്ദർശക വിസയിൽ വരുന്ന ഫാമിലികൾ ഓരോ മൂന്ന് മാസം കഴിയുമ്പോഴും സഊദിയിൽ നിന്ന് കുറഞ്ഞ ചിലവിൽ കോസ്‌വേ വഴി ബഹ്‌റൈനിലേക്കോ പടിഞ്ഞാറൻ സഊദിയുടെ ഭാഗത്തുള്ളവർ ജോർദ്ദാനിലേക്കോ പോയി തിരിച്ചു വരുകയാണ് ചെയ്യുന്നത്. മൾട്ടിപ്പിൾ വിസ സഊദിയിൽ നിന്ന് പോയി തിരിച്ചു കയറുന്നതോടെ വീണ്ടും മൂന്ന് മാസത്തേക്ക് പുതുങ്ങുമെന്നതിനാലാണ് ഇങ്ങനെ ചെയ്തു വരുന്നത്. നേരത്തെ അബ്ഷിർ വഴി തന്നെ ഇങ്ങനെ പുതുക്കാൻ സാധിച്ചിരുന്നുവെങ്കിലും അതെടുത്തു ഒഴിവാക്കിയതോടെ ഇത്തരം മാർഗങ്ങളാണ് സ്വീകരിക്കുന്നത്. അബ്‌ഷീറിലെ തവാസുൽ വഴി അപേക്ഷ കൊടുത്ത് പുതുക്കാൻ സാധിക്കുമെങ്കിലും പലപ്പോഴും ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഇത് ലഭ്യമാകുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ചുരുങ്ങിയ ചിലവിൽ പുതുക്കുന്നതിനായി ബഹ്‌റൈൻ, ജോർദാൻ രാജ്യങ്ങളിൽ പോയി തിരിച്ചു വരുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം ഇപ്പൊൾ സ്റ്റാമ്പ് ചെയ്യുന്ന വിസകൾക്ക് മാത്രമാണ് ഈ പ്രതിസന്ധി ഉണ്ടാകുക. നേരത്തെ സ്റ്റാമ്പ് ചെയ്ത വിസകൾക്കും നിലവിൽ സഊദിയിൽ ഉള്ള മൾട്ടിപ്പിൾ വിസക്കാർക്കും അവരുടെ സ്റ്റാമ്പിങ് ‘ഓപ്പൺ’ കാറ്റഗറിയിൽ ആയിരിക്കും എന്നതിനാൽ നിലവിലെ സാഹചര്യം തന്നെ തുടരാൻ സാധിക്കും. വിസ സ്റ്റാമ്പിങ് പേജിൽ നിന്ന് ഇത് അറിയാനും സാധ്യമല്ല. നേരത്തെ ഇത് സ്റ്റാമ്പിങ് പേജിൽ കൊടുത്തിരുന്നുവെങ്കിലും ഇപ്പോൾ ഇക്കാര്യം സ്റ്റാമ്പിങ് പേജിൽ സൂചിപ്പിക്കുന്നുമില്ല. ഏജൻസികൾക്ക് മാത്രമേ ഇത് അറിയാൻ സാധിക്കുകയുള്ളൂ.
നിലവിലെ അവസ്ഥയിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിമാനമാർഗ്ഗം സെലെക്ട് ചെയ്യുമ്പോൾ റോഡ് മാർഗ്ഗം സഊദിയിലേക്ക് വരാൻ സാധ്യമല്ലെന്നതിനാൽ ബഹ്‌റൈൻ വഴിയോ മറ്റോ സഊദി പ്രവേശനം സാധ്യമാകില്ലെന്നും ഇനിയും അപ്ഡേറ്റ് വരുമോയെന്നും പഴയ നിലയിലേക്ക് മാറുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കാത്തിരുന്നു കാണേണ്ടി വരും