മക്ക: ഹജിന് ബുക്ക് ചെയ്ത് പാക്കേജ് പ്രകാരമുള്ള ഇന്‍വോയ്‌സ് അനുസരിച്ച പണം അടച്ച ശേഷം ആശ്രിതരെ ബുക്കിംഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ആശ്രിതര്‍ക്കു വേണ്ടി വേറിട്ട ബുക്കിംഗ് പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. പാക്കേജ് അനുസരിച്ച ഗഡുക്കള്‍ പൂര്‍ണമായും അടച്ച ശേഷം മാത്രമേ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഹജ് ബുക്കിംഗ് സ്റ്റാറ്റസ് കണ്‍ഫേം ആവുകയുള്ളൂവെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസാ കാലാവധി 90 ദിവസമാണ്. കാലാവധി തീരുന്നതിനു മുമ്പായി തീര്‍ഥാടകര്‍ രാജ്യം വിടല്‍ നിര്‍ബന്ധമാണ്. ഈ വര്‍ഷം മുതലാണ് ഉംറ വിസാ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി മന്ത്രാലയം ദീര്‍ഘിപ്പിച്ചത്. ഏതിനം വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ അനുമതി നല്‍കിയിട്ടുണ്ട്. ഏതു എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനും വിസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.