10 കിടക്കകളുള്ള അത്യാധുനിക ആംബുലൻ ബസുകളുമായി സൗദി റെഡ് ക്രസൻ്റ് അതോറിറ്റി. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോയിലാണ് അതോറിറ്റി “തുവൈഖ്” ബസ് പ്രദർശിപ്പിച്ചത്.
ഹജ്ജ്, ഉംറ സീസണുകളിൽ ഉപയോഗിക്കുന്നതിന് പുറമെ, അത്യാഹിതങ്ങളും ഒന്നിലധികം പരിക്കുകളും ഒരുമിച്ച് കൈകാര്യം ചെയ്യുവാനുളള സൌകര്യങ്ങളോടെയാണ് ബസ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് അതോറ്റിയിലെ ജീവനക്കാരിയായ ലിന കമാൽ പറഞ്ഞു.
ഓരോ ബസിലും 10 കിടക്കകൾ വീതമാണുളളത്. ഓരോ കിടക്കയിലും ഓക്സിജൻ, സക്ഷൻ ഉപകരണങ്ങളുൾപ്പെടെ ആധുനിക മെഡിക്കൽ ഉപകരണങ്ങളും ചികിത്സ സൌകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഓക്സിജന്റെ ശതമാനവും രോഗികളുടെ ആരോഗ്യനിലയും തിരിച്ചറിയുന്നതിനുള്ള കൺട്രോൾ സ്ക്രീൻ ബസിലുണ്ട്. രോഗിയുടെ കൈകളിലെ സിരകൾ കണ്ടെത്താൻ സഹായിക്കുന്ന ചുവന്ന ലൈറ്റ് എന്നിവയും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുളള അഞ്ച് ബസുകളാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നും ലിന കമാൽ വിശദീകരിച്ചു