ദുബായ്: രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ സ്വദേശികളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ സാമൂഹിക വികസന, സ്വദേശിവല്‍ക്കരണം മന്ത്രാലയം നടപ്പിലാക്കിയ എമിറേറ്റൈസേഷന്‍ പദ്ധതി വന്‍ വിജയം. പദ്ധതി ആരംഭിച്ച ആദ്യ വര്‍ഷം തന്നെ 28,700 സ്വദേശി യുവതീ യുവാക്കള്‍ വിവിധ സ്വകാര്യ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കിയ അധികൃതരെ യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പ്രത്യേകം അഭിനന്ദിച്ചു.
സ്വദേശിവല്‍ക്കരണ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗണ്‍സില്‍ അഥവാ നഫീസ് പ്രോഗ്രാം വന്‍ വിജയമായെന്ന് ഇരു നേതാക്കളും അറിയിച്ചു. പദ്ധതിയുടെ വിജയപ്രഖ്യാപനത്തം നടത്തുന്നതിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതിനുമായി നടന്ന ചടങ്ങില്‍ നഫീസ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദിനെ ഇരു ഭരണാധികാരികളും പ്രശംസിച്ചു. ഒരു വര്‍ഷം മുമ്പ് നഫീസ് എംപ്ലോയ്മെന്റ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 28,700 സ്വദേശികള്‍ സ്വകാര്യ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവാദിത്തം കൂടി വഹിക്കുന്ന ശെയ്ഖ് മന്‍സൂര്‍, 30 ബില്യണ്‍ ദിര്‍ഹത്തിലേറെ ആസ്തിയുള്ള യുഎഇ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിയന്ത്രിക്കുന്നുണ്ട്. കൈകാര്യം ചെയ്യാന്‍ നിരവധി വകുപ്പുകള്‍ ഉണ്ടായിരുന്നിട്ടും എമിറേറ്റൈസേഷന്‍ ഡ്രൈവ് നടപ്പിലാക്കുന്നതില്‍ ശെയ്ഖ് മന്‍സൂര്‍ വഹിച്ച പങ്കിനെ ശെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. യുഎഇയെ സേവിക്കുന്നതില്‍ ശെയ്ഖ് മന്‍സൂറിന്റെ അസാധാരണമായ പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ആദരവ് അറിയിക്കുന്നതായി ശെയ്ഖ് മുഹമ്മദ് ട്വിറ്ററിലും കുറിച്ചു. നഫീസ് പദ്ധതി പ്രതീക്ഷകള്‍ക്കപ്പുറം വിജയം കണ്ടതായി ശെയ്ഖ് മന്‍സൂറും അഭിപ്രായപ്പെട്ടു. പദ്ധതി തുടങ്ങിയ ആദ്യ വര്‍ഷത്തിനിടയില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി സാന്നിധ്യം 70 ശതമാനം കണ്ട് വര്‍ധിപ്പിക്കാനായി. നിലവില്‍ ആകെ 50,000ത്തിലേറെ യുഎഇ പൗരന്മാര്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
അതിനിടെ, 2023 ജനുവരി ഒന്നിനു മുമ്പായി എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടങ്ങിയതായി ശെയ്ഖ് മന്‍സൂര്‍ അറിയിച്ചു. ഇതിനകം വിവിധ കമ്പനികളില്‍ നിന്നായി ഏകദേശം 400 ദശലക്ഷം ദിര്‍ഹം പിഴയാണ് ചുമത്തിയതെന്ന് ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ 2023 ജനുവരി ഒന്നിനകം തങ്ങളുടെ തൊഴില്‍ ശക്തിയുടെ രണ്ടു ശതമാനം തസ്തികകളില്‍ സ്വദേശികളെ നിയമിക്കണമെന്ന് മന്ത്രാലയം നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫ്രീ സോണുകളിലെ സ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമയ പരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ നിയമിക്കേണ്ട ഓരോ സ്വദേശിക്കും പകരം പ്രതിമാസം 6000 ദിര്‍ഹം എന്ന തോതില്‍ വര്‍ഷത്തില്‍ 72000 ദിര്‍ഹം പിഴ നല്‍കണമെന്നാണ് വ്യവസ്ഥ. തൊഴിലുടമകള്‍ 2024 ജനുവരി ഒന്നിനകം മൊത്തം തൊഴിലാളികളുടെ നാലു ശതമാനമായി സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തണം. 2026 അവസാനത്തോടെ ഇത് 10 ശതമാനമായി ഉയര്‍ത്താനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ, 2023നു മുമ്പായി സ്വദേശിവല്‍ക്കരണ ലക്ഷ്യം പൂര്‍ത്തിയാക്കിയതായി വരുത്താന്‍ വ്യാജ ജോലി വാഗ്ദാനം ചെയ്ത 227 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ് കൗണ്‍സില്‍ അറിയിച്ചു. രേഖകളില്‍ സ്വദേശികളെ നിയമിച്ചതായി കാണിച്ച് അധികൃതരെ കബളിപ്പിച്ച ഈ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 8,897 കമ്പനികളാണ് നിശ്ചിത സമയപരിധിക്കുള്ളില്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യം പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. നഫീസ് പോര്‍ട്ടലില്‍ 17,000ലധികം തൊഴില്‍ ഒഴിവുകളാണ് സ്വകാര്യ സ്ഥാപനങ്ങള്‍ പോസ്റ്റ് ചെയ്തത്. നഫീസ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് ശമ്പളം കുറവാണെങ്കില്‍ പദ്ധതി പ്രകാരം ടോപ്പപ്പിന് അവകാശം ഉണ്ടാരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ ഈ സേവനം സ്വീകരിച്ചിട്ടുണ്ട്.