ജിദ്ദ – നാലു ദിവസം നീണ്ടുനിൽക്കുന്ന ഹജ്, ഉംറ സേവന സമ്മേളനത്തിനും എക്സിബിഷനും (ഹജ് എക്സ്പോ) ജിദ്ദ ഡോമിൽ നാളെ തുടക്കമാകും. ഹജ് തീർഥാടകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൽ മക്ക റൂട്ട് പദ്ധതി അടക്കമുള്ള ഇലക്ട്രോണിക് നടപടികൾക്കുള്ള പങ്ക് എക്സ്പോ വിശകലനം ചെയ്യും. 2030 ഓടെ ഡിജിറ്റൽ പരിവർത്തനത്തിലെ ഏറ്റവും മികച്ച 20 ആഗോള മോഡലുകളിൽ ഇടം നേടാനും സുരക്ഷ, ആരോഗ്യം, ഗതാഗതം, താമസം പോലുള്ള നിരവധി മേഖലകളിൽ ഇലക്ട്രോണിക് നടപടിക്രമങ്ങൾ ബാധകമാക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഹജ്, ഉംറ സീസണുകളിൽ നടപ്പാക്കുന്ന വിപുലമായ ഇലക്ട്രോണിക് നടപടിക്രമങ്ങൾ.
സൗദി അറേബ്യയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ സ്വദേശങ്ങളിൽ വെച്ച് പൂർത്തിയാക്കി ഹജ് തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ ശ്രമിച്ച് വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതികൾക്ക് മാതൃകയാണ് മക്ക റൂട്ട് പദ്ധതി. ആദ്യ ഘട്ടത്തിൽ പാക്കിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ് എന്നീ അഞ്ചു രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്.
മക്ക റൂട്ട് പദ്ധതി അടക്കമുള്ള ഇലക്ട്രോണിക് നടപടിക്രമങ്ങളിലേക്ക് വെളിച്ചം വീശാൻ ‘നവീകരണത്തിനുള്ള ആസൂത്രണം…ഹജ്, ഉംറ സേവനങ്ങളുടെ ഭാവി കാഴ്ചപ്പാട്’ എന്ന ശീർഷകത്തിൽ ഹജ് എക്സ്പോക്കിടെ പ്രത്യേക സെഷൻ സംഘടിപ്പിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഹജ് എക്സ്പോയുടെ രണ്ടാം ദിവസം നടക്കുന്ന ഈ സെഷനിൽ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തും പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമിയും ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി, നാഷണൽ ഇൻഫർമേഷൻ സെന്റർ, കിംഗ് അബ്ദുല്ല സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജി ഉദ്യോഗസ്ഥരും പങ്കെടുക്കും.
വിദഗ്ധരുടെ ആശയങ്ങളിൽ നിന്നും ദർശനങ്ങളിൽ നിന്നും പ്രയോജനം നേടിയും ഭാവി ദിശകൾ മുൻകൂട്ടി കണ്ടും പങ്കാളിത്തങ്ങൾക്കും കരാറുകൾക്കും സംരംഭങ്ങൾക്കുമുള്ള അവസരങ്ങൾ വികസിപ്പിച്ചും തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്ന ഒരു സംയോജിതവും സുസ്ഥിരവുമായ സംവിധാനം കെട്ടിപ്പടുക്കാൻ ഈ മാസം ഒമ്പതു മുതൽ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഹജ് എക്സ്പോ ശ്രമിക്കുന്നു. താമസം, ആതിഥേയത്വം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നീ സേവനങ്ങളും സേവന, സുരക്ഷാ മാനേജ്മെന്റും തീർഥാടകരുടെ അനുഭവം സമ്പന്നമാക്കലും അടക്കം തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങൾ ഹജ് എക്സ്പോയിൽ പങ്കെടുക്കുന്നവർ വിശകലനം ചെയ്യും