കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‍തു. സ്വകാര്യ ട്യൂഷനുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി മാഗസിനുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അനവധി ശ്രമങ്ങള്‍ നടത്തിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടും അനധികൃത സ്വകാര്യ ട്യൂഷനുകള്‍ക്ക് പൂര്‍ണമായി അറുതി വരുത്താന്‍ സാധിക്കാത്തതിനാലാണ് ശക്തമായ നടപടികളിലേക്ക് കടക്കുന്നത്. ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകളുടെ കുവൈത്തിലെ പ്രസിദ്ധീകരണ അനുമതി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് എജ്യുക്കേഷന്‍ ആന്റ് ലീഗല്‍ അഫയേഴ്‍സ് സെക്ടറാണ് ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നത്
പൊതുപരീക്ഷകളുടെ സമയത്തും മറ്റും വ്യാപകമായി മാറുന്ന അനധികൃത സ്വകാര്യ ട്യൂഷനുകള്‍ക്ക് അറുതി വരുത്താന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. സ്‍കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കുന്നതും തൊഴില്‍ കരാറുകള്‍ ഒപ്പുവെയ്‍ക്കുന്ന സമയത്ത് സ്വകാര്യ ട്യൂഷനുകള്‍ നടത്തില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കലും ഉള്‍പ്പെടെ ചെയ്തിട്ടും ഇക്കാര്യത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാനാവാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
സ്വകാര്യ ട്യൂഷന്‍ നടത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി, രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങളും ഇവരുടെ സിവില്‍ ഐഡി പകര്‍പ്പുകളും ഒപ്പം അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.