ബുറൈദ – അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുകൈരിയയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തുകയും തെറിവിളിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് അറിയിച്ചു.
വ്യക്തിഗത ഹജ് വിസകള്‍ വൈകാതെ ആരംഭിക്കുമെന്ന് മന്ത്രാലയം
മക്ക – വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ വ്യക്തിഗത ഹജ് വിസകള്‍ അനുവദിക്കുന്ന സേവനം വൈകാതെ ആരംഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി. തിരക്ക് പരിമിതപ്പെടുത്താന്‍ ശ്രമിച്ച് നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെര്‍മിറ്റുകളും മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകളും അനുവദിക്കും. കഴിഞ്ഞ വര്‍ഷം 70 ലക്ഷം ഉംറ തീര്‍ഥാടകര്‍ക്ക് മന്ത്രാലയം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 40 ലക്ഷം പേര്‍ വിദേശങ്ങളില്‍ നിന്ന് ഉംറ വിസയില്‍ എത്തിയവരാണ്.
ഉംറ വിസാ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എല്ലാതരം വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ഇപ്പോള്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നുണ്ട്. ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയിലെ പ്രവിശ്യകള്‍ക്കും നഗരങ്ങള്‍ക്കുമിടയില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും മത, ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും. ഉംറ പാക്കേജ് രൂപകല്‍പന ചെയ്ത് ബുക്ക് ചെയ്യല്‍, ഓണ്‍ലൈന്‍ വഴി മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നും ഉംറ വിസ നേടല്‍ എന്നിവ അടക്കം 121 സേവനങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോം വഴി നല്‍കുന്നു.
തല്‍ക്ഷണം ഓണ്‍ലൈന്‍ വഴി ഉംറ വിസകള്‍ നേടാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കി ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന സേവനം ബ്രിട്ടന്‍, തുനീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ മന്ത്രാലയത്തിനു കീഴിലെ സൗദി വിസാ ബയോ ആപ്പ് വഴിയാണ് തീര്‍ഥാടകരുടെ ബയോമെട്രിക് വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സ്വദേശങ്ങളില്‍ വെച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. വിദേശ ഹജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് സേവനവും സമീപ കാലത്ത് ആരംഭിച്ചിട്ടുണ്ട്. അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങള്‍, കോവിഡ് -19, അപകടങ്ങള്‍, മരണങ്ങള്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍, സര്‍വീസുകള്‍ക്ക് കാലതാമസം നേരിടല്‍ എന്നീ സാഹചര്യങ്ങളിലെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരമുള്ള കവേറേജ് തീര്‍ഥാടകര്‍ക്ക് ലഭിക്കും.
ഹജ്, ഉംറ തീര്‍ഥാടകരെ ബോധവല്‍ക്കരിക്കാന്‍ 14 ഭാഷകളില്‍ 13 ഗൈഡുകള്‍ ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമെ, തീര്‍ഥാടകര്‍ക്ക് ആവശ്യമായ മതപരവും ആരോഗ്യപരവുമായ മുഴുവന്‍ വിവരങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുന്ന സമഗ്ര ഉംറ ഗൈഡും പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു