റിയാദ് – ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചതായി അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് ‘ഉത്‌റുൽകലാം’ എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽപെട്ട ഏറ്റവും വലിയ മത്സരവുമാണിത്.
നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുക. ആദ്യ ഘട്ടത്തിൽ ഓൺലൈൻ രജിസ്‌ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്‌സ് ക്ലിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യലുമാണ് നടക്കുക. ജഡ്ജിംഗ് കമ്മിറ്റികൾ വോയ്‌സ് ക്ലിപ്പുകൾ പരിശോധിച്ച് മത്സരാർഥികളിൽ നിന്ന് യോഗ്യരായവരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തിൽ മത്സരാർഥികൾ പുതിയ വോയ്‌സ് ക്ലിപ്പിംഗുകൾ സമർപ്പിക്കണം. ഇവ വിലയിരുത്തിയാണ് മൂന്നാം ഘട്ടത്തിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികൾ തെരഞ്ഞെടുക്കുക. മത്സര ഘട്ടങ്ങൾക്കനുസരിച്ച് മൂല്യനിർണയ മാനദണ്ഡങ്ങൾ ഉയരും. മൂന്നാം ഘട്ടത്തിൽ നിന്ന് ഏറ്റവും മികച്ച മത്സരാർഥികളെ ഫൈനൽ ആയ നാലാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. ഫൈനൽ മത്സരം അടുത്ത റമദാനിൽ എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്യും.
കഴിഞ്ഞ വർഷം നടത്തിയ ആദ്യ അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ പങ്കെടുക്കാൻ 80 രാജ്യങ്ങളിൽ നിന്നുള്ള 40,000 ലേറെ പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ നിന്ന് 36 പേരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. മത്സരാർഥികളുടെ ശബ്ദ സൗകുമാര്യത്തിന് മുഖ്യ പ്രാധാന്യം നൽകുന്ന മത്സരമാണ് ‘ഉത്‌റുൽകലാം.’ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പങ്കെടുപ്പിച്ച് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരവും സൗദിയിലെ വിദ്യാർഥികൾക്കു വേണ്ടി കിംഗ് സൽമാൻ ഖുർആൻ മത്സരവും എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഈ മത്സരങ്ങളിലെല്ലാം മനഃപാഠത്തിനാണ് മുൻഗണന നൽകുന്നത്. ഏറ്റവും മനോഹരമായ ശബ്ദത്തിൽ, തെറ്റുകൾ കൂടാതെ ഖുർആൻ പാരായണം ചെയ്യുന്നവർക്കും ബാങ്ക് വിളിക്കുന്നവർക്കും വേണ്ടിയുള്ള മത്സരമാണ് ‘ഉത്‌റുൽകലാം’. മത്സരത്തിൽ മനഃപാഠം പരിഗണിക്കപ്പെടില്ല