റിയാദ് – പന്നിക്കൊഴുപ്പ് അടങ്ങിയ ബിസ്കറ്റ് സൗദി വിപണിയിലില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. പ്രാദേശിക വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ഹലാല്‍ ആണ്. സൗദിയില്‍ വില്‍ക്കപ്പെടുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നിരന്തരം നിരീക്ഷിക്കുകയും അംഗീകൃത മാനദണ്ഡങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.
ഓറിയോ ബിസ്കറ്റില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന നിലക്കുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെ കുറിച്ച് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്ളൈ നാസ് യാത്രക്കാരുടെ എണ്ണത്തിൽ 91 ശതമാനം വളർച്ച
റിയാദ് – മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസിൽ കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണം 91 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം 87 ലക്ഷം പേരാണ് ഫ്ളൈ നാസിൽ യാത്ര ചെയ്തത്. 2022 ൽ 66,000 സർവീസുകളാണ് ഫ്ളൈ നാസ് നടത്തിയത്. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സർവീസുകളുടെ എണ്ണം 45 ശതമാനം തോതിലും സീറ്റ് ശേഷി 46 ശതമാനം തോതിലും വർധിച്ചു.
കഴിഞ്ഞ വർഷാവസാനത്തോടെ ഫ്ളൈ നാസ് വിമാനങ്ങളുടെ എണ്ണം 43 ആയും ഉയർന്നു. പുതുതായി 16 നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ച ഫ്ളൈ നാസ് 30 പുതിയ റൂട്ടുകൾക്കും തുടക്കം കുറിച്ചു. സൗദിയിൽ ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷമുള്ള നാലാമത്തെ കമ്പനിയായി മാറാൻ ഫ്ളൈ നാസിന് സാധിച്ചു.
സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുമായും ദേശീയ വ്യോമയാന തന്ത്രവുമായും ഒത്തുപോകുന്ന നിലക്ക് ഫ്ളൈ നാസ് വിമാനങ്ങളുടെ എണ്ണം 250 ആയി ഉയർത്താൻ കമ്പനി ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ടെന്ന് കമ്പനി സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. 2030 ഓടെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായും സൗദിയിൽ നിന്ന് വിമാന സർവീസുകളുള്ള ലോക നഗരങ്ങളുടെ എണ്ണം 250 ആയും ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു