NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഓഹരി വിപണിയിൽ 4350 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തി വിദേശികൾ BY GULF MALAYALAM NEWS January 4, 2023 0 Comments 603 Views റിയാദ് – കഴിഞ്ഞ വർഷം സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ 4350 കോടി റിയാലിന്റെ (1160 കോടി ഡോളർ) അധിക നിക്ഷേപങ്ങൾ നടത്തിയതായി സൗദി കാപിറ്റൽ മാർക്കറ്റ് കമ്പനി വ്യക്തമാക്കുന്നു. സൗദി ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപങ്ങൾ നടത്താൻ 2015 ൽ ആണ് വിദേശ നിക്ഷേപകർക്ക് അനുമതി നൽകിയത്. ഇതിനു ശേഷം സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ നടത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ നിക്ഷേപമാണ് കഴിഞ്ഞ വർഷത്തേത്. കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയതിന്റെയും ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച ഭീതിയുടെയും ഫലമായി കഴിഞ്ഞ വർഷം സൗദി ഓഹരി സൂചിക 7.1 ശതമാനം തോതിൽ ഇടിഞ്ഞിരുന്നു. സൗദി വിപണിയിൽ നിക്ഷേപങ്ങൾ നടത്താനുള്ള അവസരമായി ഇത് വിദേശ നിക്ഷേപകർ പ്രയോജനപ്പെടുത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കൊല്ലം ഒമ്പതു മാസങ്ങളിൽ വിദേശ നിക്ഷേകർ സൗദി ഓഹരി വിപണിയിൽ അധിക നിക്ഷേപങ്ങൾ നടത്തുകയും മൂന്നു മാസങ്ങളിൽ നിക്ഷേപങ്ങൾ പിൻവലിക്കുകയും ചെയ്തു. ജനുവരിയിൽ 590 ഉം ഫെബ്രുവരിയിൽ 730 ഉം മാർച്ചിൽ 1490 ഉം കോടി റിയാലിന്റെ ഓഹരികൾ വിദേശ നിക്ഷേപകർ അധികം വാങ്ങി. എന്നാൽ ജൂണിൽ 71.4 കോടി റിയാലും ജൂലൈയിൽ 340 കോടി റിയാലും സെപ്റ്റംബറിൽ 160 കോടി റിയാലും ഓഹരി വിപണിയിൽ നിന്ന് വിദേശികൾ പിൻവലിച്ചു. ഓഗസ്റ്റിൽ 340 ഉം ഒക്ടോബറിൽ 520 ഉം നവംബറിൽ 530 ഉം ഡിസംബറിൽ 3.9 ഉം കോടി റിയാലിന്റെ ഓഹരികൾ വിദേശ നിക്ഷേപകർ അധികം വാങ്ങി. സൗദി ഓഹരി വിപണിയിൽ ഏറ്റവുമധികം വിദേശ നിക്ഷേപങ്ങൾ എത്തിയത് 2019 ൽ ആയിരുന്നു. ആ വർഷം 9120 കോടി റിയാലിന്റെ വിദേശ നിക്ഷേപങ്ങളാണ് ഓഹരി വിപണി പുതുതായി ആകർഷിച്ചത്. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർ സൗദി ഓഹരി വിപണിയിൽ 70 ശതമാനം അധിക നിക്ഷേപങ്ങൾ നടത്തി. 2021 ൽ വിദേശികൾ 2550 കോടി റിയാലിന്റെ (680 കോടി ഡോളർ) നിക്ഷേപങ്ങളാണ് നടത്തിയത്. കഴിഞ്ഞ കൊല്ലം വിദേശ നിക്ഷേപകർ 31,690 കോടി റിയാലിന്റെ ഓഹരികൾ വാങ്ങുകയും 27,350 കോടി റിയാലിന്റെ ഓഹരികൾ വിൽപന നടത്തുകയും ചെയ്തു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ ആകെ മൂല്യം 34,660 കോടി റിയാലായി ഉയർന്നു. ഇത് സർവകാല റെക്കോർഡ് ആണ്. 2021 അവസാനത്തിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ ആകെ മൂല്യം 30,520 കോടി റിയാലായിരുന്നു. ഒരു വർഷത്തിനിടെ വിദേശ നിക്ഷേപകരുടെ ഓഹരി മൂല്യം 13.5 ശതമാനം തോതിൽ വർധിച്ചു. ഡിസംബർ അവസാനത്തെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയുടെ ആകെ മൂല്യത്തിന്റെ 3.51 ശതമാനം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. 2021 അവസാനത്തിൽ ഇത് 3.05 ശതമാനമായിരുന്നു. 2022 അവസാനത്തെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 9.88 ട്രില്യൺ റിയാലാണ്.