റിയാദ് : അടുത്ത വര്‍ഷം 11 മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത മേഖലകളില്‍ ഘട്ടംഘട്ടമായാണ് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക. ഇതിനുള്ള സമഗ്ര പദ്ധതി മന്ത്രായം തയാറാക്കിയിട്ടുണ്ട്. വൈകാതെ ഇതേ കുറിച്ച് പരസ്യപ്പെടുത്തും.
സ്വകാര്യ മേഖലയില്‍ 1,70,000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള തൗതീന്‍-2 പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അടുത്തിടെ തുടക്കം കുറിച്ചിരുന്നു. സൗദിവല്‍ക്കരണ പ്രോഗ്രാമിന്റെ ആദ്യ പതിപ്പില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന 39 തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 22 ലക്ഷത്തിലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. സൗദി വനിതാ ജീവനക്കാരുടെ എണ്ണം ഏഴു ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.