*ന്യൂദൽഹി* : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന ഉൾപ്പെടെ ആറു രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ആർ.ടി.പി.സി.ആർ നിർബന്ധമാക്കാൻ നീക്കം നടക്കുന്നത്. അടുത്ത ആഴ്ച മുതൽ ഇത് നടപ്പാക്കാനാണ് ആലോചനയെന്ന് അറിയുന്നു.
ഈ രാജ്യങ്ങളിൽനിന്നും വരുന്ന യാത്രക്കാർ ‘എയർ സുവിധ’ ഫോം പൂരിപ്പിച്ച് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനാഫലം ഹാജറാക്കേണ്ടി വരുമെന്നാണ് സൂചനകൾ.
കഴിഞ്ഞ രണ്ടുദിവസത്തിനകം വിദേശങ്ങളിൽനിന്നായി രാജ്യത്തെത്തിയ പരിശോധന നടത്തിയ 6000 പേരിൽ 39 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനുവരിയിൽ ഇന്ത്യയിലെ കോവിഡ് കേസുകളിൽ കുതിച്ചുചാട്ടം ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്. അതിനാൽ അടുത്ത 40 ദിവസങ്ങൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യാന്തര തലത്തിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കും വിദേശ യാത്രക്കാർക്കുമെല്ലാമായി ജാഗ്രതാനിർദേശം പുറപ്പുടവിച്ചിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പാലിക്കുന്നതിൽ വീഴ്ച വരാതിരിക്കാൻ പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.