റിയാദ് – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിൽ 11 പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. കരാതിർത്തി പോസ്റ്റുകൾ വഴി വിദേശത്തേക്ക് പോകാനുള്ള സാധ്യത പരിശോധിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള അബ്ശിർ ട്രാവൽ സേവനം, വ്യക്തികൾക്കു കീഴിലെ വാഹന മോഷണങ്ങളെ കുറിച്ച പരാതികൾ നൽകൽ, പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള ഫീസുകൾ അടക്കം സർക്കാർ ഫീസുകൾ അടക്കൽ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് പുതുതായി ആരംഭിച്ചത്.
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകാൻ വേണ്ടി കോസ്വേയിലെ ജവാസാത്ത് വിഭാഗത്തിൽ എത്തുന്നതിനു മുമ്പായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം വാഹനത്തിലുള്ള മുഴുവൻ യാത്രക്കാരുമായും ബന്ധപ്പെട്ട വിവരങ്ങൾ മുൻകൂട്ടി സമർപ്പിക്കാനും അബ്ശിർ ട്രാവൽ സേവനം സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കുന്നു. ഇതിലൂടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിന് കിംഗ് ഫഹദ് കോസ്വേ ജവാസാത്ത് വിഭാഗത്തിൽ കാത്തിരിക്കേണ്ടിവരുന്ന സമയം കുറക്കാനും തിരക്കുള്ള സമയങ്ങൾ മുൻകൂട്ടി അറിയാനും സാധിക്കുമെന്ന് സൗദി ജവാസാത്ത് മേധാവി മേജർ നാസിർ അൽഉതൈബി പറഞ്ഞു.
പുതിയ ഇഖാമ, ഇഖാമ പുതുക്കൽ, റീ-എൻട്രി, ഫൈനൽ എക്സിറ്റ് അടക്കം 350 ലേറെ സേവനങ്ങൾ അബ്ശിർ വഴി നൽകുന്നു. 2.6 കോടിയിലേറെ ഡിജിറ്റൽ ഐ.ഡി ഉടമകൾ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ദിവസേന ശരാശരി 60,000 ലേറെ സേവനങ്ങൾ അബ്ശിർ വഴി സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങൾ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സ്വദേശികളെയും വിദേശികളെയും അബ്ശിർ സഹായിക്കുന്നു.
കൂടുതൽ ഓൺലൈൻ സേവനങ്ങൾ അബ്ശിറിൽ ഇനിയും ഉൾപ്പെടുത്തും. നഷ്ടപ്പെടുന്ന സൗദി തിരിച്ചറിയൽ കാർഡിനു പകരം ബദൽ കാർഡ് ഇഷ്യു ചെയ്യൽ, ഇവ ഗുണഭോക്താക്കളുടെ വിലാസത്തിൽ നേരിട്ട് എത്തിക്കൽ, നവജാതശിശുക്കളുടെ ജനനം ഓൺലൈനായി രജിസ്റ്റർ ചെയ്യൽ, ജനന സർട്ടിഫിക്കറ്റ് സൗദി വനിതകളായ മാതാക്കൾക്ക് നേരിട്ട് എത്തിക്കൽ, വിദേശികളുടെ നവജാതശിശുക്കളുടെ ജനനം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യൽ, മക്കളുടെ ജനന സർട്ടിഫിക്കറ്റ് വിദേശികൾക്ക് തപാൽ മാർഗം എത്തിക്കൽ, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളെ കുറിച്ച് അറിയിക്കൽ, എയർഗൺ ക്ലിയറൻസ്, പാറ പൊട്ടിക്കാനുള്ള സ്ഫോടക വസ്തുക്കൾക്കുള്ള ലൈസൻസ്, നമ്പർ പ്ലേറ്റുകൾ മാറ്റിനൽകൽ, സന്ദർശന വിസകളിലെത്തുന്നവരെ വാഹനങ്ങൾ ഓടിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഓഥറൈസേഷനുകൾ എന്നിവ അടക്കം നിരവധി സേവനങ്ങൾ സമീപ കാലത്ത് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിരുന്നു