റിയാദ് – ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ റിയാദിലെ അവന്യൂസ് മാളിന്റെ നിർമാണം പുരോഗമിക്കുന്നു. ഷോപ്പിംഗ് മാൾ നിർമാണ ജോലികൾ ഇരുപത്തിനാലു മണിക്കൂറും നടക്കുന്നുണ്ട്. പതിനെട്ടു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് മാൾ നിർമിക്കുന്നത്.
1,300 വ്യാപാര സ്ഥാപനങ്ങൾ അടങ്ങിയ വാണിജ്യ കേന്ദ്രവും പാർപ്പിട, വാണിജ്യ, ഓഫീസ് ആവശ്യങ്ങൾക്കുള്ള അഞ്ചു ടവറുകളും ഹോട്ടലുകളും മെഡിക്കൽ സ്ഥാപനങ്ങളും 15,000 വാഹനങ്ങൾ നിർത്തിയിടാൻ മാത്രം വിശാലമായ പാർക്കിംഗും മറ്റു സൗകര്യങ്ങളും അടങ്ങിയതാണ് റിയാദ് അവന്യൂസ് മാൾ പദ്ധതി.
റിയാദ് അൽമൽഗാ ഡിസ്ട്രിക്ടിൽ കിംഗ് ഫഹദ് റോഡും കിംഗ് സൽമാൻ റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനു സമീപമാണ് അവന്യൂസ് മാൾ നിർമിക്കുന്നത്. അൽശായിഅ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാൾ 2026 ൽ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. സൗദിയിലെയും കുവൈത്തിലെയും ഒമ്പതു ബാങ്കുകൾ ചേർന്ന് പദ്ധതിക്ക് 500 ഓളം കോടി റിയാൽ വായ്പ നൽകിയിട്ടുണ്ട്. സൗദി ധനമന്ത്രാലയം പദ്ധതിക്ക് 50 കോടി റിയാലിന്റെ ലഘുവായ്പയും അനുവദിച്ചിട്ടുണ്ട്