മക്ക : ഹൃദ്രോഗികള്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതിനു മുമ്പായി ഡോക്ടറുടെ ഉപദേശം തേടണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.
ഏഴു സാഹചര്യങ്ങളില്‍ ഹൃദ്രോഗികള്‍ ഉംറ നിര്‍വഹിക്കുന്നതിനു മുമ്പായി ഡോക്ടറുടെ അനുമതി തേടണം. രണ്ടും മൂന്നും സ്റ്റേജുകളിലുള്ള ഹൃദയവേദന, ഹ്രസ്വദൂരം നടക്കുമ്പോഴേക്കും ഹൃദയവേദന അനുഭവപ്പെടല്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കാതിരിക്കല്‍, ശ്വാസതടസ്സം, കാലുകളില്‍ നീരുവീക്കം, സമീപ കാലത്ത് ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, ഹൃദയവാല്‍വുകളിലെ സങ്കോചം എന്നിവ അനുഭവപ്പെടുന്ന ഹൃദ്രോഗികളാണ് ഉംറ നിര്‍വഹിക്കുന്നതിനു മുമ്പായി ഡോക്ടറുടെ ഉപദേശം തേടേണ്ടത്.
ഹൃദ്രോഗികള്‍ തിരക്കില്ലാത്ത സമയത്ത് ഉംറ നിര്‍വഹിക്കാന്‍ ബുക്കിംഗ് നടത്തണം. മൂത്രവിസര്‍ജനം ത്വരിപ്പിക്കുന്ന ഔഷധവും കാഫീനും ഒഴിവാക്കണം. പര്യാപ്തമായത്ര ഉറങ്ങുകയും വിശ്രമിക്കുകയും വേണം. കൊഴുപ്പും കൂടുതല്‍ ഉപ്പും അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. പതിവില്‍ കൂടുതല്‍ ദ്രാവകങ്ങള്‍ കുടിക്കണമെന്നും ഉംറക്കു മുമ്പായി വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടണമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.