റിയാദ്- 20 വർഷം തന്റെ കൃഷിയിടം നോക്കി നടത്തിയ ഇന്ത്യൻ തൊഴിലാളി മരിച്ചപ്പോൾ അവരുടെ കുടുംബത്തിന് സ്‌പോൺസർ സഹായമായി വീണ്ടും നൽകിയത് 41,000 റിയാൽ (ഏകദേശം ഒമ്പത് ലക്ഷം രൂപ). ബാക്കി ശമ്പളവും ആനുകൂല്യങ്ങളും അധികമായി നൽകിയതിന് പുറമെയാണ് വൻ തുകയുടെ ഈ സഹായവും.
റിയാദ് തുമൈറിൽ കഴിഞ്ഞയാഴ്ച മരിച്ച ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് സ്വദേശി മുഹമ്മദ് ഇർഫാ(53) ന്റെ കുടുംബത്തിനാണ് സ്‌പോൺസർ നവാഫ് മുഹമ്മദ് ഇബ്രാഹീം അൽഫൈസൽ എന്ന അബൂ നവാഫ് ഇത്രയും വലിയ സംഖ്യ അയച്ചു കൊടുത്തത്.
തന്റെ കുടുംബാംഗത്തെ പോലെയായിരുന്നു സൗദി കുടുംബത്തിന് മുഹമ്മദ് ഇർഫാൻ. തോട്ടത്തിലെ മുഴുവൻ കാര്യങ്ങളും ഇദ്ദേഹമായിരുന്നു നോക്കിയിരുന്നത്.
ഈത്തപ്പനയും മറ്റു കൃഷികളുമുള്ള ഈ തോട്ടം ഇങ്ങനെ പാകപ്പെടുത്തിയതിന് പിന്നിലും ഇർഫാനായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്. തുമൈർ ജനറൽ ആശുപത്രിയിലെത്തിക്കാനും മൃതദേഹം തുമൈറിൽ അടക്കം ചെയ്യാനുമെല്ലാം സ്‌പോൺസർ കൂടെയുണ്ടായിരുന്നുവെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തുമൈർ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ വാജിദ് പറഞ്ഞു