ചോദ്യം : ഞാൻ ഹൗസ് ഡ്രൈവറായാണ് ജോലി നോക്കുന്നത്. എനിക്ക് ആഴ്ചയിൽ ഒരു ദിവസം അവധിക്ക് അവകാശമുണ്ടോ? വാർഷിക അവധിയെക്കുറിച്ചും വിശദീകരിക്കുമോ?
ഉത്തരം : മനുഷ്യശേഷി മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോമിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചുമെല്ലാം വിശദമായി അറിയാൻ കഴിയും. ഇതിൽ പറഞ്ഞിരിക്കുന്ന നിയമപ്രകാരം വീട്ടുജോലിക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധിയുണ്ട്. കരാറിൽ അതു രേഖപ്പെടുത്തിയിട്ടുണ്ടാകും. വീട്ടുജോലിക്കാർക്ക് എല്ലാ ദിവസവും 8 മുതൽ 9 മണിക്കൂർ വരെ വിശ്രമം അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. കരാർ പ്രകാരം രണ്ടു വർഷം കൂടുമ്പോൾ ഒരു മാസം ശമ്പളത്തോടു കൂടിയ അവധിക്കും ഗാർഹിക തൊഴിലാളികൾക്ക് അവകാശമുണ്ട്. നാലു വർഷം ജോലി ചെയ്ത ശേഷം കരാർ അവസാനിപ്പിക്കുകയാണെങ്കിൽ ആനുകൂല്യമായി ഒരു മാസത്തെ ശമ്പളം സ്‌പോൺസർ നൽകണമെന്നും നിയമം അനുശാസിക്കുന്നു. ഗാർഹിക തൊഴിലാളി രോഗിയായാൽ ചികിത്സ ലഭ്യമാക്കണമെന്നു മാത്രമല്ല, വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർ നിർദേശിച്ചാൽ ഒരു മാസം ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നും വ്യവസ്ഥയുണ്ട്.
ചോദ്യം : എന്റെ വിരലടയാളം പതിക്കുമ്പോൾ അതു പതിയാറില്ല. ഇതു മൂലം അബ്ശിർ അക്കൗണ്ട് തുറക്കുന്നതിനോ മൊബൈൽ സിം എടുക്കുന്നതിനോ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിനു എന്താണ് പരിഹാരം?
ഉത്തരം : ജവാസാത്തിന് ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയും. അതിനു അവിടെ നേരിട്ടു പോവുകയാണ് വേണ്ടത്. ജാവസാത്തിൽ വിരലടയാള വിഭാഗമുണ്ട്. അവിടെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ച് ഇതിനു പരിഹാരം കാണാനാവും. ജവാസാത്തിൽ സ്‌പോൺസറുമൊരുമിച്ചാണ് പോകേണ്ടത്. തനിയെ പോയതുകൊണ്ടു കാര്യമില്ല. പോകുന്നതിനു മുൻപ് ജവാസാത്തിൽനിന്ന് മുൻകൂട്ടി അനുമതി നേടണം.