കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ 10 മാസത്തിനുള്ളില്‍ 47,000ത്തിലേറെ പേര്‍ക്കെതിരേ യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈറ്റ് പൗരന്‍മാരും പ്രവാസികളുമായി 47,512 പേര്‍ക്കെതിരേ ിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയതായി പത്രം അറിയിച്ചു. കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് അല്‍ ഖബസ് ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരോധന ഉത്തരവുകളെക്കാള്‍ 17 ശതമാനം കൂടുതലാണ് ഇത്തരണ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ 10 മാസങ്ങള്‍ക്കിടയില്‍ 30,689 പേര്‍ക്കെതിരേയായിരുന്നു യാത്രാ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഏതൊക്കെ കേസുകള്‍ക്കാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്, ഏതൊക്കെ രാജ്യക്കാര്‍ക്കാര്‍ക്കാണ് അവ നല്‍കിയത് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ അറിവായിട്ടില്ല.
അതിനിടെ, കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ 1000ത്തിലേറെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു. കുവൈറ്റിലെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവാസികളിലെ വ്യാജ ലൈസന്‍സുകള്‍ പരിശോധിച്ച് കണ്ടെത്തി അവ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. പരിശോധനയില്‍ വ്യാജമാണെന്ന് തെളിഞ്ഞ ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേരത്തേ അധികൃതര്‍ റദ്ദാക്കിയിരുന്നു.
വിവിധ ഗവര്‍ണറേറ്റുകളിലായി ട്രാഫിക് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനകളിലാണ് നിയമങ്ങള്‍ ലംഘിച്ച് ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച 1,000ത്തിലേറെ പ്രവാസികളെ കണ്ടെത്തി അവരുടെ ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് നേടുന്നതിനാവശ്യമായ ശമ്പള പരിധി, ജോലിയുടെ സ്വഭാവം, യൂണിവേഴ്‌സിറ്റി ബിരുദം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ ഇവര്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തേ നിയമവിധേമായി ലൈസന്‍സ് നേടിയ ശേഷം പിന്നീട് ശമ്പളം കുറഞ്ഞ ജോലിയിലേക്ക് മാറിയവര്‍, പുതിയ തൊഴില്‍ തസ്തികകളിലേക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്തവര്‍ തുടങ്ങിയവര്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്യണമെന്ന നിയമം പാലിക്കാതെ അവ തുടര്‍ന്നു ഉപയോഗിക്കുകയായിരുന്നു.
നിയമവിരുദ്ധമായി ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരായി പരിശോധനയില്‍ കണ്ടെത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തുന്നതിന്റെ മുന്നോടിയായി ഡിപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഏതാനും മാസം മുമ്പാണ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ പരിശോധന അധികൃതര്‍ ആരംഭിച്ചത്. രാജ്യത്തെ പതിനായിരക്കണക്കിന് പ്രവാസികള്‍ നിബന്ധനകള്‍ ലംഘിച്ച് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പരിശോധന. ഇതിനകം ആയിരക്കണക്കിന് പ്രവാസികളെ അനധികൃത ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗത്തിന്റെ പേരില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കുവൈറ്റ് നാടുകടത്തിയിട്ടുണ്ട്. വരുംദിനങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.