അബുദാബി: യു.എ.ഇയില്‍ സന്ദര്‍ശക വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന നിയമം നിലവില്‍ വന്നതോടെ ജനങ്ങള്‍ നെട്ടോട്ടത്തില്‍. അയല്‍ രാജ്യങ്ങളിലേക്കു പോകുന്നതിനുള്ള നിരക്കും വര്‍ധിച്ചു. ബസില്‍ ടിക്കറ്റ് കിട്ടാനില്ല. വിമാന ടിക്കറ്റിനും വന്‍ നിരക്ക്.
ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വിസക്കാര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു. ഇതോടെ വിസാ കാലാവധി തീരാറായവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. ഇവര്‍ മാതൃരാജ്യത്തേക്കോ അയല്‍രാജ്യങ്ങളിലേക്കു പോയി പുതിയ വിസയില്‍ തിരിച്ചുവരികയാണ് വേണ്ടത്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ കൂടിയതിനാല്‍ ബസില്‍ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന ഒമാനിലേക്കാണ് ഭൂരിഭാഗം പേരും പോകുന്നത്.
എന്നാല്‍ യാത്രക്കാരുടെ തിരക്കു മൂലം ടിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവര്‍ ഏറെയാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. വിസ കാലാവധി തീരാറായവര്‍ ബസില്‍ ടിക്കറ്റു കിട്ടാതെ വരുമ്പോള്‍ അവസാന നിമിഷം വിമാനത്തില്‍ തന്നെ പോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. സ്വന്തമോ പരിചയക്കാരുടെയോ വാഹനമോടിച്ച് ഒമാനിലേക്കു പോകുന്നവരും ഏറെയുണ്ട്.