ഷാര്‍ജ : എംപ്ലോയ്‌മെന്റ് വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റ് വിസ കബളിപ്പിച്ച നാല് മലയാളി യുവാക്കള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍ സൗദിയിലെ പ്രമുഖ പാല്‍ ഉല്‍പന്ന കമ്പനിയുടെ പേരില്‍ എംപ്ലോയ്‌മെന്റ് വിസയെന്ന് തിരുത്തിയ ഒരു മാസത്തെ സന്ദര്‍ശക വിസയും യുഎഇ ഗവ.ലോഗോ പതിച്ച വ്യാജ തൊഴില്‍ കരാറും നല്‍കിയാണ് ഇവരെ വയനാട് കല്‍പറ്റ കമ്പളക്കാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇഖ്ബാല്‍ എന്നയാള്‍ കബളിപ്പിച്ചത്. ഇവരില്‍ നിന്ന് 90,000 രൂപ വീതം കൈക്കലാക്കിയതായും പറയുന്നു.
വയനാട് നീലഗിരി പൊട്ടവയല്‍ സ്വദേശികളായ സന്തോഷ് മാത്യു (24), ലൈജു ഷാജി (23), ജിന്‍സ് റെജി (22), മാനന്തവാടി സ്വദേശി അജിത് എന്നിവരാണ് ചതിയില്‍പ്പെട്ടത്. നവംബര്‍ 18ന് യുഎഇയിലെത്തിയ ഇവര്‍ ഷാര്‍ജ റോളയിലെ ചെറിയ മുറിയില്‍ ഭക്ഷണം പോലും കഴിക്കാനില്ലാതെ പ്രതിസന്ധിയിലാണ്. ഈ മാസം 27ന് ഇവരുടെ വിസ കാലാവധി കഴിയുമെന്നതിനാല്‍ കടുത്ത ആശങ്കയിലുമാണ്. പണം വാങ്ങിയ ഏജന്റ് ഇഖ്ബാലും ഇയാളുടെ ഭാര്യ ഷമീറയും വയനാട്ടില്‍നിന്ന് മുങ്ങിയിരിക്കയാണെന്നാണ് വിവരം.