ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര ബുക്ഫെയറിന് സൂപ്പര്‍ഡോം സെന്ററില്‍ തുടക്കം.
ഡിസംബര്‍ എട്ടു മുതല്‍ 17 വരെ നടക്കുന്ന, 400 ലേറെ പവിലിയനുകളുള്ള ബുക്ഫെയറില് 900 ലേറെ പ്രാദേശിക, അറബ്, അന്താരാഷ്ട്ര പ്രസാധകര് പങ്കെടുക്കുന്നുണ്ട്.
സാംസ്കാരിക നായകരുടെയും സഊദി , വിദേശ പ്രഭാഷകരുടെയും സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ പെട്ടവരുടെയും സാന്നിധ്യത്തിലാണ് ബുക്ഫെയര്‍ ഉദ്ഘാടനം ചെയ്തത്. ബുക്ഫെയറിനിടെ വൈവിധ്യമാര്‍ന്ന 100 ലേറെ സാംസ്കാരിക പരിപാടികളും നടക്കും. ഡിജിറ്റല്‍ പബ്ലിഷിംഗ്, സയന്‍സ് ഫിക്ഷന്‍ എന്നിവ വിശകലനം ചെയ്യുന്ന രണ്ടു സമ്മേളനങ്ങളും ബുക്ഫെയറിനോടനുബന്ധിച്ച് നടക്കും. സഊദിയില്‍ ആദ്യമായാണ് ഈ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന സമ്മേളനങ്ങള്‍ നടക്കുന്നത്.
സഊദി സാംസ്കാരിക രംഗത്തെ സമ്പന്നമാക്കുന്ന ഒരു സാഹിത്യ വേദിയാണ് ജിദ്ദ ബുക്ഫെയര്‍ എന്ന് ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്സ്ലേഷന് കമ്മീഷന് സി.ഇ.ഒ ഡോ. മുഹമ്മദ് ഹസന് അലവാന്‍ പറഞ്ഞു. ജിദ്ദയുടെ ഹൃദയഭാഗത്ത് ഒരു സംയോജിത വിജ്ഞാന യാത്ര ജിദ്ദ ബുക്ഫെയര്‍ പ്രദാനം ചെയ്യുകയും സഊദി സാഹിത്യകാരന്മാരുടെ സാഹിത്യ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മികച്ച പ്രസിദ്ധീകരണ സ്ഥാപനങ്ങളെ ആദരിക്കാനുള്ള പുരസ്കാരങ്ങള്‍ക്കും പൊതുജനങ്ങളെ പങ്കെടുക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന സംവേദനാത്മക മത്സരങ്ങള്‍ക്കും രൂപംനല്‍കിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് ഹസന് അലവാന്‍ പറഞ്ഞു.