റിയാദ്: കുട്ടികളെ കയറ്റാനും ഇറക്കാനും നിർത്തിയിടുന്ന സ്‌കൂൾ ബസുകൾ മറികടന്നു കടന്നുപോകുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) മുന്നറിയിപ്പ് ആവർത്തിച്ചു. ഇത് നിയമം ലംഘനമായി കണക്കാക്കുമെന്നും സ്‌കൂൾ ബസുകൾ ആരെങ്കിലും കടന്നുപോകുന്നതായി കണ്ടെത്തിയാൽ 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിദ്യാർത്ഥികളെ കൊണ്ടുപോകുമ്പോൾ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഡയറക്ടറേറ്റ് അടിവരയിട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശരിയായ മാർഗ്ഗം സ്വീകരിക്കാൻ കുട്ടികളെ ബോധവാന്മാരാക്കുകയും ഉണർത്തുകയും ചെയ്യുന്നതിന്റെ ആവശ്യകതയും അധികൃതർ ഊന്നിപ്പറഞ്ഞു. രണ്ടാം സ്കൂൾ സെമസ്റ്റർ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് മുന്നറിയിപ്പ് ഓർമ്മപ്പെടുത്തിയത്.
സ്‌കൂളിൽ എത്തിക്കഴിഞ്ഞാൽ ഓടുന്ന വാഹനങ്ങളെ സമീപിക്കരുതെന്നും റോഡ് മുറിച്ചു കടക്കാൻ അനുവദിക്കുന്നതിനായി വാഹനങ്ങൾ പൂർണമായി നിർത്തുന്നത് വരെ റോഡുകൾ മുറിച്ചുകടക്കരുതെന്നും ഡയറക്ടറേറ്റ് വിദ്യാർഥികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.