റിയാദ്: പഴയ പാസഞ്ചർ ആപ്പ് കാറുകൾ അടുത്ത വർഷം അവസാനം വരെ പ്രവർത്തിക്കാൻ സഊദി പബ്ലിക് അതോറിറ്റി സമയം നീട്ടി നൽകി. 2.7 മീറ്ററിൽ കൂടുതൽ ആക്സിൽ ദൂരമുള്ള ചെറുകാറുകൾക്ക് 2023 അവസാനം വരെ പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾക്ക് കീഴിൽ പ്രവർത്തിക്കാൻ ഗ്രേസ് പിരീഡ് നൽകുമെന്ന് സഊദി അറേബ്യയിലെ പൊതുഗതാഗത അതോറിറ്റി അറിയിച്ചു. 2.60 മീറ്ററിനും 2.70 മീറ്ററിനും ഇടയിൽ ആക്സിൽ ദൂരമുള്ള ചെറുകാറുകൾക്ക് പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്ന് അതോറിറ്റി അറിയിച്ചു.
ലൈസൻസുള്ള കമ്പനികൾ ചെറിയ കാറുകൾക്ക് പ്രത്യേക തരംതിരിവ് നൽകണമെന്നും വാഹനത്തിലെ പരമാവധി യാത്രക്കാരുടെ എണ്ണം വ്യക്തമാക്കണമെന്നും അതോറിറ്റി പറയുന്നു. അതേസമയം, വിമാനത്താവളങ്ങളിലും നഗരങ്ങൾക്കിടയിലും ഈ കാറുകൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. ഗുണഭോക്താക്കൾക്ക് കൂടുതൽ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക, സേവന ലഭ്യത വർധിപ്പിക്കുക, പ്രതികരണ വേഗത ഉറപ്പാക്കുക, രാജ്യത്തെ യാത്രാ ഗതാഗത ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാരെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് [ഇളവ് നൽകിയിരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.
പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകളിൽ നൽകുന്ന സേവനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ സേവനങ്ങൾ ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യകതകളും കൈവരിക്കുന്നത് ഉറപ്പാക്കുന്നതിനും തുടർച്ചയായി അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്.