റിയാദ് – ചെങ്കടലിലെ ആദ്യ ലക്ഷ്വറി ദ്വീപ് വികസന പദ്ധതി കിരീടാവകാശിയും നിയോം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു. ചെങ്കടലിലെ സിന്ദാല ദ്വീപ് ആഡംബര സമുദ്ര വിനോദ സഞ്ചാരത്തിനുള്ള നിയോമിന്റെ ആദ്യ കേന്ദ്രങ്ങളില്‍ ഒന്നും ദേശീയ ടൂറിസം തന്ത്രത്തിന് പിന്തുണ നല്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നുമാണ്.
ചെങ്കടലില്‍ സമുദ്ര വിനോദ യാത്രകളുടെ പ്രധാന കവാടമായും ആതിഥ്യമര്യാദയിലും വിനോദത്തിലും ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര അനുഭവങ്ങളില്‍ ഒന്നായും മാറുന്ന നിലക്കാണ് സിന്ദാല ദ്വീപ് വികസന പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. 2024 ആദ്യം മുതല്‍ സിന്ദാല ദ്വീപില്‍ സന്ദര്‍ശകരെ സ്വീകരിച്ചു തുടങ്ങും.
നിയോമിലെ വികസനത്തിന്റെ ത്വരിതഗതിയെ പ്രതിഫലിപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് സിന്ദാല ദ്വീപ് വികസന പദ്ധതിയെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. വിഷന്‍ 2030 പദ്ധതി ചട്ടക്കൂടില്‍ ടൂറിസം അഭിലാഷങ്ങള്‍ കൈവരിക്കുന്ന ദിശയിലെ സുപ്രധാന ചുവടുവെപ്പാണിത്. നിയോം പദ്ധതിയില്‍ ചെങ്കടലിലെ ആദ്യത്തെ ആഡംബര സമുദ്ര കേന്ദ്രവും യാച്ച് ക്ലബ്ബും ആയിരിക്കും സിന്ദാല ദ്വീപ്. ലോകത്തിലെ ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമാകാന്‍ പ്രാപ്തമാക്കുന്ന അതുല്യമായ സ്ഥാനവും മാസ്മരികമായ പ്രകൃതിയും കൊണ്ട് സവിശേഷമായ സിന്ദാല ദ്വീപ് അന്താരാഷ്ട്ര ടൂറിസത്തിലേക്കുള്ള ചെങ്കടലിലെയും മേഖലയിലെയും ഒരു കവാടം കൂടിയായിരിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
സിന്ദാല ദ്വീപിന്റെ ആകെ വിസ്തൃതി 8,40,000 ചതുരശ്രമീറ്ററാണ്. നിയോം പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന ഒരുകൂട്ടം ദ്വീപുകളില്‍ ഒന്നാണിത്. ഓരോ ദ്വീപിനെയും മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കുന്ന വ്യത്യസ്ത ദര്‍ശനങ്ങളും രൂപകല്പനകളും അനുസരിച്ചാണ് ദ്വീപുകള്‍ വികസിപ്പിക്കുക. ആഡംബര യാത്രകളും മറൈന്‍ ടൂറിസവും ഇഷ്ടപ്പെടുന്നവര്‍ക്ക് ദ്വീപിന്റെ പ്രകൃതി ആസ്വദിക്കാനും നിയോമിന്റെയും ചെങ്കടലിന്റെയും യഥാര്‍ഥ സൗന്ദര്യം കാണാനും അതുല്യമായ അനുഭവങ്ങള്‍ നല്കുന്ന ആഗോള കേന്ദ്രം എന്നോണമാണ് സിന്ദാല ദ്വീപ് വികസിപ്പിക്കുന്നത്.