അബുദാബി: യുഎഇ യുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.
യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പ്പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോട്ടിലെ സന്ദേശം.
അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. എന്നാല്‍ ഇപ്പോഴുള്ള ആയിരം ദിര്‍ഹം നോട്ടുകള്‍ തുടര്‍ന്നും പ്രാബല്യത്തിലുണ്ടാവും. ബഹിരാകാശ വാഹനത്തിന്റെ പശ്ചാത്തലത്തിലുള്ള ശൈഖ് സായിദിന്റെ ചിത്രം 1976ല്‍ അദ്ദേഹം നാസ മേധാവികളുമായി നടത്തിയ ചര്‍ച്ചയുടെ ഓര്‍മയാണ്. തൊട്ടുമുകളില്‍ യുഎഇയുടെ ചൊവ്വാ പരിവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് പ്രോബുമുണ്ട്. ബഹിരാകാശ സഞ്ചാരിയുടെ ചിത്രത്തോടെയുള്ള സെക്യൂരിറ്റി മാര്‍ക്കാണ് പുതിയ നോട്ടിലുള്ളത്.
നോട്ടിന്റെ പിന്‍വശത്ത് ബറാക ആണവോര്‍ജ പ്ലാന്റിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പുനരുപയോഗിക്കാവുന്ന പോളിമര്‍ മെറ്റീരിയലുകൊണ്ടാണ് നോട്ട് നിര്‍മിച്ചിരിക്കുന്നത്. പേപ്പറിനേക്കാള്‍ ഇത് ഈടുനില്‍ക്കുമെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ കാലം നോട്ടുകള്‍ ഉപയോഗിക്കാമെന്നും യുഎഇ കേന്ദ്ര ബാങ്ക് പറയുന്നു.